അശാസ്ത്രീയ മത്സ്യബന്ധനം: ബേപ്പൂരില്‍നിന്ന് ട്രോളര്‍ ബോട്ട് കസ്റ്റഡിയിലെടുത്തു
1516284
Friday, February 21, 2025 5:07 AM IST
കോഴിക്കോട്: മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ടിന് വിരുദ്ധമായി അശാസ്ത്രീയമായ മത്സ്യബന്ധനരീതി ഉപയോഗിച്ചതിന് ഫാത്തിമാസ് എന്ന ട്രോളര്‍ ബോട്ട് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.
ലൈറ്റ് ഫിഷിംഗിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സൂക്ഷിച്ചതിനും നിയമാനുസൃത കണ്ണിവലുപ്പമില്ലാത്ത ട്രോള്‍ വലകള്‍ സൂക്ഷിച്ചതിനുമാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.
ബേപ്പൂര്‍ ഹാര്‍ബറില്‍ പരിശോധന നടത്തുന്നതിന് ഇടയിലാണ് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ വി. സുനിറിന്റെ നിര്‍ദേശാനുസരണം ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്മുഖന്, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ജീന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ബോട്ട് കസ്റ്റഡിയില്‍ എടുത്തത്.
അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതും കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലും കുറവുളള മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.