ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം
1516291
Friday, February 21, 2025 5:22 AM IST
കൊയിലാണ്ടി: ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. നിർമാണം പൂർത്തിയായതോടെ ബാലുശേരി മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിൽ ഒന്നായി മാറുകയാണ് പാലം. 2009 ലാണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയാറാക്കിയത്.
അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. കെ.എം. സച്ചിൻദേവ് എംഎൽഎയുടെയും കാനത്തിൽ ജമീല എംഎൽഎയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപയുടെ ഭരണാനുമതിയാണ് പിന്നീട് ലഭിച്ചത്.
പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്പാനുകളിലായി 250.06 മീറ്റർ നീളത്തിലുമാണ് നിർമിച്ചത്. ഇരുവശത്തും ഫുട്പാത്തും ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്മിംഗ്പാനും 11 മീറ്ററിൽ മറ്റു സ്പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്.
എൻഎച്ച് 17 ലെ ചെങ്ങോട്ടുകാവിനെയും എൻഎച്ച് 38 ലെ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം അത്തോളി-ഉള്ളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ സഹായിക്കുന്നതാണ്. 25ന് വൈകുന്നേരം മൂന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കും.