കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ സ്ഥിരം അപകട കേന്ദ്രമാകുന്നു
1516290
Friday, February 21, 2025 5:22 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ സ്ഥിരം അപകടകേന്ദ്രമാകുന്നു. അശ്രദ്ധയും റോഡിന്റെ പരിചയക്കുറവും അപകടത്തിന്റെ ആക്കം കൂട്ടുന്നു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നാല് ഭാഗത്തേക്കുള്ള റോഡിലും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ആവശ്യമായ ദിശ ബോർഡുകൾ ഇല്ലാത്തതിനാൽ ആശയക്കുഴപ്പം ഉണ്ടാവുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.
മലയോര ഹൈവേ ഉദ്ഘാടനം നിർവഹിക്കുന്നതിന് മുമ്പായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ ഉൾപ്പെടെയുള്ളത് പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ ഒന്നും തന്നെ നടന്നിട്ടില്ല. നിരവധി പേരാണ് ഇവിടെ അപകടത്തിൽപെട്ട് ചികിത്സയിലുള്ളത്.
നൂറുകണക്കിന് വിദ്യാർഥികളും മറ്റുള്ളവരും നിരന്തരമായി ഉപയോഗിക്കുന്ന റോഡാണിത്. ഓരോ അപകടങ്ങളുടെയും ഉത്തരവാദിത്വത്തിൽനിന്നും ബന്ധപ്പെട്ടവർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല.
ഇതിനുമുമ്പും പല പ്രാവശ്യം ഇത് ചൂണ്ടിക്കാണിച്ചെങ്കിലും കൂമ്പാറ റോഡിൽ മാത്രം പേരിനൊരു ഡിവൈഡർ ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ ആവശ്യമായ സുരക്ഷാ നടപടികൾ ഒന്നും തന്നെയുണ്ടായിട്ടില്ല. വലിയ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.