അധ്യാപികയുടെ ആത്മഹത്യ: സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് കെഎടിഎ
1516282
Friday, February 21, 2025 5:07 AM IST
താമരശേരി: കഴിഞ്ഞ ആറു വര്‍ഷക്കാലമായി എയ്ഡഡ് സ്കൂളില്‍ ജോലി നോക്കിയിട്ടും നിയമനാംഗീകാരം ലഭിക്കാത്തതിന്റെ മനോദു:ഖത്തില്‍ താമരശേരി സബ് ജില്ലയിലെ എല്‍പി സ്കൂള്‍ അധ്യാപിക അലീന ബിന്നി ആത്മഹത്യ ചെയ്ത വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് കേരള എയിഡഡ് ടീച്ചേഴ്സ് അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ നിയമനങ്ങളെ അംഗീകരിക്കാന്‍ മടിക്കുകയാണ്. കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന് നിരവധി സമരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഈ പ്രതിസന്ധിക്കെതിരേ നടത്തിവരുന്നത്.
വിദ്യാഭ്യാസമന്ത്രിയെയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയെയും ഈ വിഷയം നിരവധി തവണ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ 2021 മുതലേ ഭിന്നശേഷി നിയമനത്തിന്റെ സാങ്കേതികത്വം പറഞ്ഞും കോടതികളില്‍ ഭിന്നശേഷി വിഷയം വാദിച്ചും തത്ത്വത്തില്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് എയ്ഡഡ് സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എയ്ഡഡ് വിദ്യാലയങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് നിലവിലെ കെഇആര്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഭിന്നശേഷി നിയമനത്തിന് കെഎടിഎ എതിരല്ല. എന്നാല്‍ ആ ന്യായം പറഞ്ഞ് മതിയായ വ്യവസ്ഥകള്‍ പാലിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ നിയമനം നിരോധിക്കുന്ന സര്‍ക്കാര്‍ നിലപാട് എയ്ഡഡ് സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ പൊതു സമീപനമായേ കാണാന്‍ കഴിയുകയുള്ളു.
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് മികച്ച സംഭാവനകള്‍ നല്കിയ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളെയും ക്രൈസ്തവസഭയെയും വെടക്കാക്കി തനിക്കാക്കാമെന്ന് സര്‍ക്കാര്‍ കരുതരുത്.
ഒരു അധ്യാപിക നിയമനാംഗീകരം ലഭിക്കാതെ ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് രൂപതയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചാല്‍ അത് പൊതു സമൂഹം അംഗീകരിക്കില്ല.
എയ്ഡഡ് മാനേജ്മെന്റുകളെയും ജീവനക്കാരെയും ശത്രുപക്ഷത്ത് നിര്‍ത്തുകയല്ല വേണ്ടത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ കണ്ണ് തുറക്കണം. ഭിന്നശേഷി നിയമന പ്രതിസന്ധി പരിഹരിച്ച് എഇഒ, ഡിഇഒ തലങ്ങളില്‍ തന്നെ നിയമന അംഗീകാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. ഇന്ദുലാല്‍ ആവശ്യപ്പെട്ടു.