പുറക്കാമല: പോലീസ് പക്ഷപാതിത്വം അവസാനിപ്പിക്കണം: ആർജെഡി
1515537
Wednesday, February 19, 2025 4:43 AM IST
മേപ്പയ്യൂർ: കീഴ്പയ്യൂരിലെ പുറക്കാമല ഖനനത്തിനെതിരേ പ്രതികരിച്ച സംരക്ഷണ സമിതി പ്രവർത്തകർക്കു നേരെ അക്രമണം നടത്തുന്ന ഖനന മാഫിയക്ക് ഒത്താശ ചെയ്യുന്ന മേപ്പയ്യൂർ പോലീസ് നടപടിയിൽ രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, മണ്ഡലം സെക്രട്ടറി വി.പി. മോഹനൻ ഉൾപ്പെടെയുള്ള പുറക്കാമല സംരക്ഷണ സമിതിയുടെ ആറ് പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ക്വാറി ലോബിയുടെ ഗുണ്ടകൾ തിങ്കളാഴ്ച വൈകുന്നേരം ആക്രമിച്ചത്.
എന്നാൽ, അക്രമികൾക്കെതിരേ നടപടിയെടുക്കുന്നതിന് പകരം മർദനത്തിനിരയായവരെ വേട്ടയാടുകയാണ് മേപ്പയൂർ പോലീസ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കെ. ലോഹ്യ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ അർധരാത്രിക്കുശേഷം പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിട്ടുണ്ട്. നിയമപരമായ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പോലീസ് ഇരച്ച് കയറുന്നത്.
ബന്ധപ്പെട്ട അധികാരികളെ സ്വാധീനിച്ച് പുറക്കാമലയിലെ പുറമ്പോക്ക് ഭൂമിയിൽപോലും ഖനന ലൈസൻസ് സ്വന്തമാക്കിയ ഖനന ലോബിയുടെ ക്വട്ടേഷൻ സംഘത്തെ പോലെയാണ് മേപ്പയൂർ പോലീസ് പ്രവർത്തിക്കുന്നതെന്നും ആർജെഡി കുറ്റപ്പെടുത്തി. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു.