ജ്വാല വനിതാ ഫെസ്റ്റ്; വനിതകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു
1515951
Thursday, February 20, 2025 4:34 AM IST
കോഴിക്കോട്:ജില്ലാ വനിതാ ശിശുവികസന ഓഫീസ് മുഖേന വനിതകളുടെ സമഗ്ര വികസനത്തിനായി നടത്തുന്ന ജ്വാല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ ഫെസ്റ്റിന്റെ പ്രചരണാർഥം വനിതകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്ന് എരഞ്ഞിപ്പാലം വരെ നടന്ന കൂട്ടയോട്ടം സബ് കളക്ടര്‍ ഹർഷിൽ ആർ. മീണ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം തുടങ്ങിയവർ നേതൃത്വം നൽകി.
30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ കായികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദി ഒരുക്കുക എന്നതാണ് വനിതാ ഫെസ്റ്റ് പരിപാടി കൊണ്ട് ഉദേശിക്കുന്നത്. 20, 21, 22 തീയതികളിലായി സംഘടിപ്പിക്കുന്ന കായികമേളയില്‍ നീന്തല്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായി 400-ഓളം വനിതകള്‍ മാറ്റുരയ്ക്കും.
സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള നടക്കാവ് സിമ്മിംഗ് പൂള്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങൾ നടക്കുക. കലാപരിപാടികള്‍ വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് ഏഴിന് വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്ക്കിയിലെ മൂന്ന് വേദികളിലായി നടക്കും.