മുക്കം സഹകരണ ബാങ്കിൽ യുഡിഎഫ് അനധികൃതമായി നിയമിച്ച ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടു
1515947
Thursday, February 20, 2025 4:34 AM IST
മുക്കം: സർവീസ് സഹകരണ ബാങ്കിൽ 2018- 23 കാലഘട്ടത്തെ ഭരണ സമിതി അനധികൃതമായി നിയമിച്ച ഏഴ് ജീവനക്കാരെ സഹകരണ രജിസ്ട്രാറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
"താൽക്കാലിക നിയമനം' എന്ന പേരിൽ മിനുട്സിൽ രേഖപ്പെടുത്തി അന്നത്തെ ഭരണ സമിതി നിയമനം നൽകിയ അറ്റൻഡർ ജിബി ചാലിൽ, സെയിൽസ്മാൻ അശ്വിൻ, നൈറ്റ് വാച്ച്മാൻമാരായ ജിഷ്ണു, ജലീൽ, പാർടൈം സ്വീപ്പർമാരായ റജീന, സജ്ന എന്നിവരെയാണ് അഡ്മിനിസ്റ്റേറ്റർ കമ്മിറ്റി പിരിച്ചുവിട്ടത്.
2018-23 കാലഘട്ടത്തിലെ ഭരണസമിതിയിലെ അഞ്ച് യുഡിഎഫ് അംഗങ്ങൾ സഹകരണ ജോ. രജിസ്ട്രാർക്ക് നൽകിയ പരാതിയുടേയും അവർ ഹൈക്കോടതിയെ സമീപിച്ച് നേടിയെടുത്ത ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി നിയമനം നടത്തിയ 2018- 23 കാലത്തെ ഭരണസമിതിയിലെ എട്ട് ഡയറക്ടർമാർക്കെതിരേ അന്നത്തെ ഡയറക്ടറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എൻ.പി. ഷംസുദ്ദീൻ കോഴിക്കോട് വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ അന്തിമവിധിക്ക് വിധേയമായി "താൽക്കാലികമായി നിയമിക്കാൻ തീരുമാനിച്ചു' എന്ന് മിനുട്സിൽ രേഖപ്പെടുത്തി ഉദ്യോഗാർഥികളെ പറ്റിച്ചാണ് സഹകരണ ചട്ടം ലംഘിച്ച് അന്നത്തെ ഭരണ സമിതി ഏഴ് പേരെയും നിയമിച്ചത്. നിയമനത്തിന് സഹകരണ വകുപ്പിന്റെ സ്റ്റേ ഉത്തരവ് നില നിൽക്കേ കോഴ വാങ്ങി നിയമനം നടത്തി യുഡിഎഫ് ഭരണസമിതി ഉദ്യോഗാർഥികളെ വഞ്ചിക്കുകയായിരുന്നു.
ബാങ്കിലെ ഡയറക്ടറായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് ഒ.കെ. ബൈജു അനധികൃതമായി കൈപ്പറ്റിയ എട്ട് ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.