കല്ലായിപ്പുഴയിലെ ചെളി ഇന്നുമുതല്‍ നീക്കി തുടങ്ങും
1515949
Thursday, February 20, 2025 4:34 AM IST
കോഴിക്കോട്:കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴം കൂട്ടാനുള്ള പ്രവൃത്തി നാളെ തുടങ്ങും. ഇതിനു മുന്നോടിയായി യന്ത്ര സാമഗ്രികളും ഉപകരണങ്ങളും എത്തിച്ചു. വലിയ ഡ്രജർ കോതിയിൽ സ്ഥാപിച്ചു.
പുഴയിൽ നിന്നു കോരിയെടുക്കുന്ന ചെളി പുറങ്കടലിൽ തള്ളാനുള്ള ഹോപ്പർ ബാർജ് ബേപ്പൂരിൽ നിന്ന് എത്തിക്കും. ഇത് കടലിലാണ് നങ്കൂരമിടുക. ഇതു കൂടി എത്തുന്നതോടെ പ്രവൃത്തി നാളെ തുടങ്ങാനാകുമെന്നാണ് ഇറിഗേഷൻ വകുപ്പ് കണക്കു കൂട്ടുന്നത്.കഴിഞ്ഞ ഒക്ടോബർ 22ന് ആണ് ചെളി നീക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 30ന് സർവേ തുടങ്ങി. ജനുവരി 15ന് പൂർത്തിയായി.
മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കുന്നത്. വെസ്റ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിയാണ് പുഴയിലെ ചെളി നീക്കുക. 12.98 കോടി രൂപയുടേതാണ് കോർപറേഷൻ പദ്ധതി.
എസ്റ്റിമേറ്റ് പ്രകാരം 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടത്. വർഷങ്ങൾക്ക് മുൻപുള്ള കണക്കായതിനാലാണ് വീണ്ടും ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്. കൂടുതൽ ചെളി മാറ്റാനുണ്ടെന്ന് സർവേയിൽ വ്യക്തമായിട്ടുണ്ട്. ചെളി നീക്കി മൂന്നര മുതൽ അഞ്ച് കിലോമീറ്റർ വരെ അകലെ കടലിൽ നിക്ഷേപിക്കാനാണ് തീരുമാനം.