പുഴയിലേക്ക് മലിനജലമൊഴുക്കി; 50,000 രൂപ പിഴ ചുമത്തി
1515953
Thursday, February 20, 2025 4:34 AM IST
മുക്കം: ഇരുവഴിഞ്ഞി പുഴയിലേക്ക് മലിനജലമൊഴുക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി മുക്കം നഗരസഭ. മുക്കത്തെ സ്റ്റാർ ബേക്ക്സ് ആൻഡ് റസ്റ്റോറന്റ് എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. 340 എ വകുപ്പ് പ്രകാരമാണ് നടപടി. ഇന്നലെ രാവിലെ 10.30 ഓടെ നഗരസഭ ക്ലീൻ സിറ്റി മാനേജർ സജി മാധവ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിശ്വഭരൻ, ഷിബു എന്നിവരുങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്.
മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സ്ഥാപനം അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ഇരു വഴിഞ്ഞിപ്പുഴയിൽ കക്കടവത്ത് കുടിവെള്ള പദ്ധതിയുടെ കിണർ പമ്പ് ഹൗസ് എന്നിവ പ്രവർത്തിക്കുന്നതിന് സമീപമാണ് മാലിന്യം ഒഴുക്കിവിടുന്നത്. സ്ഥാപനത്തിൽനിന്നും റോഡ് ക്രോസ് ചെയ്ത് ഡ്രൈനേജ് വഴിയാണ് മാലിന്യം പുഴയിലെത്തുന്നത്.
സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഇവിടുത്തെ മാലിന്യ ടാങ്കിന് ആവശ്യത്തിന് കപ്പാസിറ്റിയില്ലെന്ന് കണ്ടെത്താനായെന്നും ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.