കുറ്റ്യാടി ജലസേചന പദ്ധതി കനാൽ തുറന്നു
1515952
Thursday, February 20, 2025 4:34 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ഇന്നലെ തുറന്നു. രാവിലെ എട്ടോടെ ചടങ്ങുകൾ ആരംഭിച്ചു. പദ്ധതിക്കു വേണ്ടി ജീവാർപ്പണം ചെയ്തവരെ അനുസ്മരിച്ച് അണക്കെട്ട് മേഖലയിലെ സ്മൃതി മണ്ഡപത്തിൽ തിരി തെളിയിച്ചശേഷം ഒന്പതോടെ പേരാമ്പ്ര ഡിവിഷൻ എക്സി. എൻജിനിയർ ഷാലു സുധാകരൻ അണക്കെട്ടിലെ ഷട്ടർ അഞ്ച് സെന്റിമീറ്റർ ഉയർത്തി കനാലിലേക്ക് നീരൊഴുക്കി. തുടർന്ന് ക്രമേണ തോത് വർധിപ്പിച്ച് 25 സെന്റി മീറ്റർ വരെയാക്കും. 80 സെന്റിമീറ്റർ വരെ തുടർ ഘട്ടങ്ങളിൽ ഉയർത്തും.
അണക്കെട്ടിൽ നിന്ന് 3.080 കിലോമീറ്റർ അകലെയുള്ള പട്ടാണിപ്പാറയിൽ നിന്നാണ് ജലം ഗതി തിരിച്ചു വിടുന്നത്. പ്രഥമ ഘട്ടത്തിൽ വലതുകര കനാൽ തുറന്ന് വടകര താലൂക്ക് മേഖലകളിൽ വെള്ളമെത്തിക്കും.
ഒരാഴ്ചക്കു ശേഷം കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാൽ തുറക്കും. കനാലിന്റെ നവീകരണ പ്രവർത്തി ഇവിടെ പൂർത്തിയാകാനുണ്ട്. കടുത്ത വേനലിൽ കൊയിലാണ്ടി, വടകര താലൂക്ക് മേഖലകളിലെ കർഷകർക്ക് ആശ്വാസമേകുന്നതാണ് പെരുവണ്ണാമൂഴിയിൽ നിന്നുള്ള കനാൽ ജലം. വിവിധ കൃഷി പ്രദേശങ്ങൾ ഇനി ജല സമ്പുഷ്ടമാകും. വിവിധ ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കുന്നുണ്ടെങ്കിലും പെരുവണ്ണാമൂഴി അണക്കെട്ടിൽ വെള്ളം സമൃദ്ധമാണ്.
അസി. എക്സി. എൻജിനീയർമാരായ പി.കെ. ബിജു, വി. അരവിന്ദാക്ഷൻ അസി. എൻജിനീയർമാരായ വി.വി. സുബിഷ, യു.കെ. നിജീഷ്, കെ.ടി. സുബിൻ, വി.കെ. അംബുരാജ്, വി.പി. അശ്വിൻദാസ്, ടി.കെ. സുനിൽ കുമാർ തുടങ്ങിയവർ കനാൽ തുറക്കലിനു നേതൃത്വം നൽകി. ജലസേചന വകുപ്പിലെ നിലവിലുള്ള ജീവനക്കാരും മുൻ ജീവനക്കാരും സന്നിഹിതരായിരുന്നു.