പോളിടെക്നിക്ക് മുക്കത്തിന് നഷ്ടമാകുമോ? സ്ഥലം ഉൾപ്പെടെ വാഗ്ദാനം ചെയ്തിട്ടും മുഖംതിരിച്ച് നഗരസഭാ അധികൃതർ
1494838
Monday, January 13, 2025 5:14 AM IST
മുക്കം: 10 വർഷം മുമ്പ് തിരുവമ്പാടി മണ്ഡലത്തിൽ മലയോര മേഖലയുടെ ആസ്ഥാനമായ മുക്കത്തിന് ലഭിച്ചതും നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഗവ.പോളിടെക്നിക്ക് മലയോര മേഖലയ്ക്ക് നഷ്ടപ്പെടുമോ എന്ന് ആശങ്ക. നടപടികൾ ഏറെക്കുറേ പൂർത്തിയായങ്കിലും പോളിടെക്നിക്കുമായി ബന്ധപ്പെട്ട രേഖകൾ കോഴിക്കോട് കളക്ടറേറ്റിൽ അവസാന നടപടികൾക്കായി നഗരസഭാ അധികൃതരെ കാത്ത് കിടക്കുകയാണ്.
എന്നാൽ നടപടികൾ വേഗത്തിലാക്കാൻ അധികൃതർ ഇടപെടുന്നില്ലന്നാണ് ആക്ഷേപം. എംഎൽഎയും നഗരസഭയും നിർദ്ദിഷ്ട പോളിടെക്നിക്ക് കയ്യൊഴിഞ്ഞ മട്ടാണെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആരോപിക്കുന്നത്. അതേ സമയം 2015-ൽ ഇതോടൊപ്പം അനുവദിച്ച പോളിടെക്നിക്കുകളിൽ നിന്ന് മൂന്ന് ബാച്ചുകൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, മറ്റെവിടേക്കെങ്കിലും പോളിടെക്നിക്ക് നീക്കാനുള്ള എൽഡിഎഫിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് എംഎൽഎയും നഗരസഭയും പോളിടെക്നിക്കിനോട് പുറംതിരിഞ്ഞു നിൽക്കുന്നതെന്ന ആരോപണവുമുണ്ട്. മുക്കത്ത് പോളിടെക്നിക്കിന് സ്ഥലം ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്യാൻ സ്പെഷൽ ഓഫീസർക്ക് സമ്മർദമുള്ളതായും ആക്ഷേപമുണ്ട്.
അതേ സമയം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വി.ഷംലൂലത്ത് പ്രസിഡന്റായ സമയത്ത് പോളിടെക്നിക്കിനായി സ്വകാര്യ വ്യക്തിയിൽ നിന്ന് സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിരുന്നു. പോളിടെക്നിക്കിന് സ്ഥലം ലഭ്യമാണോ എന്നന്വേഷിച്ച് തിരുവമ്പാടി മണ്ഡലത്തിലെ തദ്ദേശ സ്ഥാപനാധികൃതർക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുനു ഇത്. സൗജന്യമായി സ്ഥലം ലഭ്യമായിട്ടും കൊടിയത്തൂരിന് നൽകാനും നടപടിയുണ്ടായില്ല.
ചേന്ദമംഗല്ലൂർ മംഗലശേരി തോട്ടത്തിൽ ആരംഭിക്കാൻ തീരുമാനിച്ച പോളിടെക്നിക്കിന് സ്ഥലം സംബന്ധിച്ച സാങ്കേതിക പ്രശ്നം കുറേകാലം തടസമായിരുന്നു. എന്നാൽ ചേന്ദമംഗല്ലൂർ മിനി പഞ്ചാബ് മുത്താപ്പ്കുന്നിൽ ഇസ്ലാഹിയ അസോസിയേഷൻ അഞ്ചേക്കർ സ്ഥലം വിട്ടുനൽകിയതോടെ ആ കുരുക്ക് അഴിഞ്ഞു.
മുക്കം നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ പോളിടെക്നിക്ക് സ്പെഷൽ ഓഫീസർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിക്കുകയും സ്ഥലം പോളിടെക്നിക്കിന് അനുയോജ്യമാണെന്ന് സ്പെഷൽ ഓഫീസർ രഞ്ജിത്ത് രണ്ടു വർഷം മുമ്പ് നടത്തിയ സന്ദർശനവേളയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്ലാസുകൾ തൽക്കാലം വാടക കെട്ടിടത്തിൽ ആരംഭിച്ച്, പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് മാറാമെന്നുവരെ തീരുമാനവുമെടുത്തിരുന്നു.
പോളിടെക്നിക്കിനായി അനുവദിച്ചഇസ്ലാഹിയുടെ കീഴിലുള്ള വഖഫ് ഭൂമി, മുക്കം നഗരസഭ ഏറ്റെടുത്ത് ഉന്നത വിദ്യഭ്യാസ വകുപ്പിന് കൈമാറേണ്ടതുണ്ട്. ഇതിനായുള്ള നടപടികളാകട്ടെ ഒട്ടുമുക്കാലും പൂർത്തിയായതുമാണ്. അവശേഷിക്കുന്നത് നഗരസഭ മനസു വച്ചാൽ നിഷ്പ്രയാസം തീരാവുന്നതേയുള്ളൂ എന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
പോളിടെക്നിക്കിന്റെ ചുമതലയുള്ള സ്പെഷൽ ഓഫീസറും വഖഫ് ബോർഡും സ്ഥലം വിട്ടുനൽകിയ ഇസ്ലാഹിയ അസോസിയേഷനും നാട്ടുകാരുമെല്ലാം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുമ്പോൾ,
മലയോര മേഖലയിലെ കുട്ടികൾ എസ്എസ്എൽസിക്കു ശേഷം ഉന്നത പഠനത്തിന് മാർഗമില്ലാതെ പ്രയാസപ്പെടുന്ന പശ്ചാത്തലത്തിൽ അധികൃതരുടെ കെടുകാര്യസ്ഥത മൂലം പോളിടെക്നിക്ക് നഷ്ടപ്പെടുകയോ ഇനിയും കാലതാമസം നേരിടുകയോ ചെയ്യുമോയെന്ന ആശങ്കയാണ് ഉള്ളത്.