ഉത്തരവാദിത്വ കാർഷിക ടൂറിസം; ചക്കിട്ടപാറയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു
1494633
Sunday, January 12, 2025 7:25 AM IST
ചക്കിട്ടപാറ: ഉത്തരവാദിത്വ കാർഷിക ടൂറിസം രംഗത്ത് നിക്ഷേപ സാധ്യതകൾ തേടി യുഎഇ റൂളിംഗ് ഫാമിലി അംഗവും അന്താരാഷ്ട്ര വ്യവസായിയുമായ അൽമുഹമ്മദ് അബ്ദുള്ള മസൂക്കിയും കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും വ്യവസായിയുമായ ഡോ. വർഗീസ് മൂലൻ, പിറവം അഗ്രോ കമ്പനി ഡയറക്ടർ ബൈജു എന്നിവർ ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സാമൂഹ്യ-കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടന പ്രവർത്തകരുമായി ചർച്ച സംഘടിപ്പിച്ചു. നിക്ഷേപ സാധ്യതകൾ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് പഞ്ചായത്തിന് അൽമുഹമ്മദ് അബ്ദുള്ള മസൂകി സമർപ്പിച്ചു.സംസ്ഥാന ടൂറിസം ഇൻഫ്രാസ്ട്രക്ചർ വികസന ബോർഡ് ചെയർമാൻ എസ്.കെ. സജീഷ് ഏറ്റുവാങ്ങി. പ്രതിനിധി സംഘം പെരുവണ്ണാമൂഴി ഡാം സൈറ്റ്, നരിനട എന്നീ ഭാഗങ്ങൾ സന്ദർശിച്ചു. പെരുവണ്ണാമൂഴി വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തിന് പദ്ധതി മേഖല പരിചയപ്പെടുത്തി നൽകുകയും ചെയ്തു.
ഇറിഗേഷൻ വകുപ്പുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, അംഗങ്ങളായ ബിന്ദു സജി, ആലിസ് മാത്യു, രാജേഷ് തറവട്ടത്ത്, പ്ലാനിംഗ് കമ്മിറ്റി ഉപാധ്യക്ഷൻ പി.സി. സുരാജൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.