ജില്ലയെ മാലിന്യമുക്തമാക്കാന്‍ 14,305 ഹരിത അയല്‍ക്കൂട്ടങ്ങള്‍
1494837
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാന്‍ അയല്‍ക്കൂട്ടങ്ങളെ ഹരിതവത്കരിക്കുന്ന പദ്ധതി തുടങ്ങി. 14,305 ഹരിത അയല്‍ക്കൂട്ടങ്ങളാണ് ജില്ലയെ മാലിന്യമുക്തമാക്കാന്‍ തയാറെടുക്കുന്നത്. മാര്‍ച്ചില്‍ പദ്ധതി അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം കുടുംബശ്രീകള്‍ ഹരിത അയല്ക്കൂട്ടങ്ങളായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
എഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്രേഡിംഗിലാണ് ജില്ലയിലെ 27,699 കുടുംബ്രശീകളില് നിന്നായി 14,305 ഹരിത അയല്‍ക്കൂട്ടങ്ങളെ തെരഞ്ഞെടുത്തത്. അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്കരണ രീതി, അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, വീടുകളില്‍ മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാന്‍ നടത്തിയ ഇടപെടല്‍,
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍, വൃത്തിയുള്ള പാതയോരങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സര്‍വേയില്‍ പ്രധാനമായും പരിശോധിക്കുന്നത്.
വടകര, തൂണേരി, കുന്നുമ്മല്‍, മേലടി, പേരാമ്പ്ര, ബാലുശേരി, പന്തലായനി, കൊടുവള്ളി, കുന്നമംഗലം, ചേളന്നൂര്‍, കോഴിക്കോട് എന്നീ ബ്ലോക്കുകളിലും കൊയിലാണ്ടി, വടകര, പയ്യോളി, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക് എന്നീ മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പറേഷനിലും നടത്തിയ കണക്കനുസരിച്ചാണാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട് കോര്‍പറേഷനിലെ 3048 കുടുംബശ്രീകളില്‍ സര്‍വേ നടത്തിയപ്പോള്‍ 2,527 എണ്ണവും ഹരിത അയല്‍ക്കൂട്ടങ്ങളായി തെരഞ്ഞെടുത്തു. ഈ മാസം അവസാനത്തോടെ മറ്റ് മുനിസിപ്പാലിറ്റികളിലും ബ്ലോക്കുകളിലും സര്‍വേ പൂര്‍ത്തിയാകും. കുടുംബശ്രീ ജില്ലാ മിഷന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കോര്‍ കമ്മിറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല.