ദേശീയ പാത ബൈപാസിന്റെ പ്രവർത്തനങ്ങൾ പൂര്ത്തീകരിച്ചുകൊണ്ടിരിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1494622
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന കോഴിക്കോട് ദേശീയ പാത ബൈപാസിന്റെ പ്രവർത്തനങ്ങൾ പൂര്ത്തീകരിച്ചുകൊണ്ടിരിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2021 ൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെം പൂര്‍ത്തീകരണം. നിര്‍മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു.
ഗതാഗതകുരുക്ക് നിത്യസംഭവമായി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വീസ് റോഡ് ഉള്‍പ്പെടെ എട്ടുവരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറയുന്നു.
അതേസമയം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി മന്ത്രി പറയുമ്പോഴും ബൈപാസിലെ മാമ്പുഴപാലത്തിന്റെയും അറപ്പുഴപാലത്തിന്റെയും പ്രവൃത്തികള്‍ ഇപ്പോഴും അവസാനഘട്ടത്തിലാണ്. ഇതുകൂടി വീതികൂട്ടിയാല്‍ മാത്രമേ സുമഗമായ ഗതാഗതം സാധ്യമാകൂ. ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ഫേസ് ബുക്ക് വീഡിയോയുടെ കീഴില്‍ കമന്റുകളായി വരുന്നുമുണ്ട്.