മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പെരിങ്ങൊളം ഹൈസ്കൂൾ
1494840
Monday, January 13, 2025 5:14 AM IST
കുന്നമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാന പുരസ്കാരം പെരിങ്ങൊളം ഹൈസ്കൂൾ ഏറ്റുവാങ്ങി.
2023- 24 ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റിന് പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന പുരസ്കാരം കൊല്ലം ടികെഎംഎം എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ അധികൃതരും എൻഎസ്എസ് വോളണ്ടിയർ ലീഡർമാരും ചേർന്ന് ഏറ്റുവാങ്ങി.
ഇരവിപുരം എംഎൽഎ എം. നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറിനുള്ള പുരസ്കാരം ഈ സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായിരുന്ന രതീഷ് ആർ. നായരും, വോളണ്ടിയർക്കുള്ള പുരസ്കാരം വിദ്യാർഥിനിയായ പി. ശ്രേയയും ഉത്തരമേഖലയിലെ മികച്ച വോളണ്ടിയർക്കുള്ള പുരസ്കാരം വിദ്യാർഥിയായ പി.കെ. അമാൻ അഹമ്മദും ഏറ്റുവാങ്ങി.