പി.കെ. ഗോപിക്ക് യുവകലാസാഹിതിയുടെ സ്നേഹാദരം
1494839
Monday, January 13, 2025 5:14 AM IST
കോഴിക്കോട്: പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും യുവകലാസാഹിതി മുന്‍ അധ്യക്ഷനുമായ പി.കെ. ഗോപിയെ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പി.കെ. ഗോപിയുടെ വസതിയിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാടയണിയിച്ചു.
സമാനതകളും പിന്തുടര്‍ച്ചയുമില്ലാത്ത കവിയാണ് പി.കെ. ഗോപിയെന്ന് ആലങ്കോട് പറഞ്ഞു. കവി എന്നാല്‍ ആരാകണമെന്നും കവിത എന്നാല്‍ എന്താകണമെന്നും അദ്ദേഹം മലയാളിക്ക് കാട്ടിത്തരുന്നു.
സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാതെ പ്രതികരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. കവിതയ്ക്കൊപ്പം നാടിന്റെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്ക്കുന്ന പി.കെ. ഗോപി ഉടവാളിന് തുമ്പത്ത് കുടമുല്ലപ്പൂ വിരിയിച്ച കവിയാണെന്നും ആലങ്കോട് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ യുവകലാസാഹിതി മുന്‍ അധ്യക്ഷനും ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി.വി. ബാലന് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.കെ. ഗോപിക്കും ടി.വി. ബാലനും മെമ്പര്‍ഷിപ്പ് നല്കി ആലങ്കോട് ലീലാകൃഷ്ണന് നിര്‍വഹിച്ചു.