ജില്ലയിൽ പകർച്ചവ്യാധി ബാധിതരുടെ എണ്ണം വര്ധിക്കുന്നു; ആറു ദിവസത്തിനിടെ 35 പേർക്ക് മഞ്ഞപ്പിത്തം
1494634
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: മഴയും വെയിലും മഞ്ഞുമായി പ്രതിദിനം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ജില്ലയിൽ പകർച്ചവ്യാധി ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി മഞ്ഞപ്പിത്ത ഭീതിയിലാണ് ജില്ല. സർക്കാർ ആശുപത്രികളിൽ മാത്രം 35 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ഈ ദിവസങ്ങളിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം നൂറിന് മുകളിലാണ്. ഡിസംബർ മാസം 216 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ടു പേർ മരണപ്പെടുകയും ചെയ്തു.
മഞ്ഞപ്പിത്തത്തിന് പുറമേ പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ആറു ദിവസത്തിനുള്ളിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം 3,220 പേരാണ് പനിയെ തുടർന്ന് ചികിത്സ തേടിയത്. 12 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.
ശക്തമായ പനി, ശരീരവേദന, ജലദോഷം, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പനിയ്ക്കൊപ്പം വിട്ടുമാറാത്ത ചുമയും കഫക്കെട്ടും ശ്വാസ തടസവും ശരീര വേദനയുമാണ് രോഗികളെ അലട്ടുന്നത്.
മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ ദിവസങ്ങളോളം അലട്ടുന്ന സ്ഥിതിയാണ്. കുട്ടികൾക്കിടയിലും പനി വ്യാപകമാകുന്നുണ്ട്. നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ദിവസങ്ങൾക്ക് ശേഷവും പലരും രോഗമുക്തരായിട്ടില്ല. എച്ച്എംപിവി വൈറസ് പനി പടരുന്ന സാഹചര്യത്തിൽ പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.