തദ്ദേശ സ്ഥാപനങ്ങളിലെ വാർത്തകളും വിവരങ്ങളും അറിയാൻ യുട്യൂബ് ചാനലുമായി ജില്ലാപഞ്ചായത്ത്
1494632
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്:വികസന- ക്ഷേമ പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളിലെ വാർത്തകളും വിവരങ്ങളും അറിയാൻ യുട്യൂബ് ചാനലുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രധാന അറിയിപ്പുകളും പദ്ധതികളുടെ വിശദവിവരങ്ങളും ജനങ്ങളിലെത്തിക്കാൻ ‘പി-ടോക്ക്’ എന്ന പേരിലാണ് ചാനൽ. സ്റ്റുഡിയോ ഉൾപ്പെടെ സജ്ജമാക്കി. ജില്ലാ പഞ്ചായത്തിന്റെയും മുഴുവൻ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്തുകളുടെയും വികസന പ്രവർത്തനം ഒരു കുടക്കീഴിൽ കാണാനാകുന്ന വാർത്താ പോർട്ടലായി ഇത് മാറും.
മാതൃകാ പദ്ധതികളുടെ വീഡിയോ, പുതിയ പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ, ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ, ജില്ലയുടെ നേട്ടങ്ങൾ തുടങ്ങിയവ വീഡിയോകളായി ചാനലിൽ അപ്ലോഡ്ചെയ്യും. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, സന്നദ്ധ പ്രവർത്തനം, കാലാവസ്ഥ, പരിസ്ഥിതി, കായികം, കുടുംബശ്രീ, ശിശുവികസനം തുടങ്ങി സമഗ്ര മേഖലകളും കോർത്തിണക്കി പരിപാടികൾ ഒരുക്കും. കൃഷിവകുപ്പുമായി ചേർന്ന് പുതിയ കാർഷിക അറിവുകൾ പങ്കുവയ്ക്കും.
പരിപാടികൾ തത്സമയം കാണാനുള്ള സൗകര്യവുമുണ്ടാകും. വിദ്യാർഥികളും അവതാരകരാകും. ജില്ലാതലത്തിൽ സ്കൂൾ വിദ്യാർഥികളുടെ ടീമുണ്ടാക്കി പരിപാടി അവതരിപ്പിക്കും.
ഇവർക്ക് മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ പരിശീലനം നൽകും. വാർത്താ അവതരണവും എഡിറ്റിങ്ങും കാമറയുമെല്ലാം പരിശീലിപ്പിക്കും. പൊതുപരീക്ഷാ പരിശീലന സഹായ വീഡിയോകളും ചാനലിലുണ്ടാകും. ജനങ്ങളുമായി സംവദിക്കാനും ജനാഭിപ്രായം തേടാനുള്ള വേദിയായും ചാനൽ മാറ്റും.