കേരളം സഹിച്ചു മടത്തു, ജനങ്ങള്‍ മാറ്റത്തിനു തയാറെടുത്തു: കെ.സി. വേണുഗോപാല്‍
1492383
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: പിണറായി വിജയന്റെ എട്ടുവര്‍ഷ ഭരണത്തില്‍ സഹിച്ചുമടുത്തുവെന്നും ജനങ്ങള്‍ മാറ്റത്തിനു തയാറെടുത്തുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
മനുഷ്യജീവനു പുല്ലുവില കല്പിക്കാത്ത പിണറായി സര്‍ക്കാരിനെ അധികാരത്തില്‍നിന്നു മാറ്റാന്‍ ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം ശ്രീനാരായണ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കി രാഷ്ട്രീയലാഭത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്ക് മൂന്നാമത് അവസരം നല്കാന് ജനങ്ങള്‍ സമ്മതിക്കില്ല. സിപിഎം നീക്കത്തെ കോണ്ഗ്രസ്ചെറുത്തുതോല്പിക്കും.
അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക് നീങ്ങുകയാണ് സിപിഎം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റപ്പോള്‍ കോണ്‍ഗ്രസ് ജയിക്കുന്നത് ചില പ്രത്യേക വിഭാഗത്തിന്റെ പിന്തുണകൊണ്ടാണെന്നാണ് സിപിഎം പറയുന്നത്. ഇതിനു തുടക്കമിട്ടത് എ.വിജയരാഘവനാണ്. ഹിന്ദുവോട്ട് മാറിയെന്ന് സിപിഎം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പ്രതികരണം. ന്യൂനപക്ഷത്തെ കുറ്റംപറഞ്ഞ് ഹിന്ദുവോട്ട് തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം. വര്‍ഗീയ വാദികള്‍ക്ക് പായ വിരിക്കാന്‍ വളംവച്ചുകൊടുക്കുകയാണ് സിപിഎം ചെയ്യുന്നത്.
കടലാസ് കമ്മിറ്റികളുടെ കാലം കഴിഞ്ഞുവെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പറഞ്ഞു.രണ്ടുപേര്‍ ആയാലും കമ്മിറ്റികള്‍ േവണം. അവര്‍ സജീവമായി പ്രവര്‍ത്തിക്കണം. പുതിയ കമ്മിറ്റി വന്നാല്‍ ആറുമാസം കഴിഞ്ഞ് പ്രവര്‍ത്തനം വിലയിരുത്തണം. കാര്യക്ഷമമല്ലാത്തവര് തുടരാന്‍ പാടില്ല.
വരാനിരിക്കുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം പഞ്ചായത്തുകളിലും യുഡിഎഫിനെ വിജയത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. കെട്ടിയേല്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയേയും അംഗീകരിക്കില്ല. 2026-ല്‍ ഭരണമാറ്റത്തിനുള്ള ശിലയെരുക്കുകയാണ് വേണ്ടത്.അഹങ്കാരത്തിന്റെ മൂര്‍ധന്യത്തില്‍ നില്ക്കുന്ന സിപിഎമ്മിനെ ഭരണത്തില്‍നിന്ന് മാറ്റണമെന്ന ജനങ്ങളുെട ആഗ്രഹം നിരാശപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത്.
നിഷ്പക്ഷരായ ആളുകളുെട വോട്ടുകൂടി കിട്ടുന്ന ആളായിരിക്കണം സ്ഥാനാര്‍ഥികള്‍. സ്വീകാര്യരായ പാര്‍ട്ടി അണികള്‍ ഉണ്ടെങ്കില്‍ അവരെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി പ്രസിഡന്റ് െക.സുധാകരന്, വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി,ഷാഫി പറമ്പില്‍ എം.പി, എം.കെ. രാഘവന് എംപി, കെപിസിസി ഭാരവാഹികളായ കെ. ജയന്ത്, എം.ബിജു, കെ.എം.തുളസി,പി.എം. നിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.