ജപ്തി ഭീഷണി : ഗ്രാമീൺ ബാങ്ക് മാനേജർ വിശദീകരണം സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1492401
Saturday, January 4, 2025 5:43 AM IST
കോഴിക്കോട്: ബാങ്കിന്റെ ജപ്തി നടപടിയെത്തുടർന്ന് ഭിന്നശേഷിക്കാരനും കുടുംബവും വീടുവിട്ടിറങ്ങേണ്ട അവസ്ഥയിലാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള ഗ്രാമീൺ ബാങ്ക് അത്തോളി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
പത്തിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ജപ്തി ഭീഷണിക്ക് ഇരയായിരിക്കുന്നത്. 2018 ലാണ് കേരള ഗ്രാമീൺ ബാങ്കിന്റെ അത്തോളി ശാഖയിൽനിന്നും വീട് നിർമിക്കാൻ വായ്പയെടുത്തത്. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി. എട്ടു ലക്ഷം രൂപയിൽപരം അടയ്ക്കാനുണ്ട്. വീടും സ്ഥലവും വിൽപനക്ക് എന്ന് ബാങ്ക് വീടിനു മുന്നിൽ ബോർഡ് തൂക്കിയിട്ടുണ്ട്.
തട്ടുകട നടത്തിയാണ് 50 ശതമാനം ഭിന്നശേഷിയുള്ള ഷംസീറും കുടുംബവും ജീവിക്കുന്നത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.