"ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യഥാർഥ പ്രതി സംസ്ഥാന സർക്കാർ'
1492393
Saturday, January 4, 2025 5:43 AM IST
കൊടിയത്തൂർ: പദ്ധതി വിഹിതം നൽകാതെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളെ ഞെക്കി കൊല്ലുകയാണന്ന് കൊടിയത്തൂർ പഞ്ചായത്തധികൃതർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഫണ്ട് നൽകാത്തതിന്റെ പഴി മുഴുവനായും കേൾക്കേണ്ടി വരുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ.
2023- 2024 സാമ്പത്തിക വർഷത്തിൽ 83 ശതമാനം പ്രവൃത്തികളും പഞ്ചായത്തിൽ നടക്കുകയും ജനങ്ങൾക്ക് അതിന്റെ ഗുണഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ട്രഷറി നിയന്ത്രണങ്ങളും മറ്റും സർക്കാർ നടപ്പാക്കിയതോടെ ബില്ല് മാറാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. ഇത് എല്ലാ തദ്ദേശ സ്ഥാപനങ്ങളും അനുഭവിച്ചതുമാണ്. ജൽ ജീവൻ മിഷൻ കരാറുകാർക്ക് സർക്കാർ നൽകാനുള്ള കോടികളുടെ കുടിശിക മൂലം പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല.
കാലതാമസമാണ് 17 ശതമാനം ചെലവഴിക്കാൻ സാധിക്കാതെ പോവാൻ കാരണം. വസ്തുത ഇതായിരിക്കേ സംസ്ഥാന സർക്കാരിന്റെ വീഴ്ച പഞ്ചായത്തുകളുടെ തലയിൽ കെട്ടിവെക്കാനാണ് ഇടത് മുന്നണിയും ചില തൽപ്പര കക്ഷികളും ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. വിദ്യാഭ്യാസ മേഖലയിലും മുഴുവൻ പദ്ധതികളും ചെലവഴിച്ചതാണ്.
എന്നാൽ, നിർവഹണ ഉദ്യോഗസ്ഥന് അസുഖം വന്നത് മൂലം ഡിഡിഒ മാറ്റാൻ സാധിക്കാതെ വന്നതാണ് പ്രതിസന്ധിയായത്. പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രാട്ടോകോൾമൂലം ചില ഗ്രാമസഭകൾ വിളിച്ചു ചേർക്കാൻ സാധിച്ചിട്ടില്ല. എംസിഎഫ് നിർമാണവുമായി ബന്ധപ്പെട്ട് ഒരു വീഴ്ച്ചയും പഞ്ചായത്തിന് സംഭവിച്ചിട്ടില്ലെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
നാലര വർഷത്തിനിടെ വൻ വികസന പദ്ധതികൾ നടപ്പാക്കിയ കൊടിയത്തൂർ പഞ്ചായത്തിനെ തകർക്കാനുള്ള സിപിഎം ശ്രമം ജനങ്ങൾ തള്ളിക്കളയുമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കൃത്യമായ മുൻഗണന ലിസ്റ്റ് പ്രകാരമാണന്നും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തുർ, ആയിഷ ചേലപ്പുറത്ത്, എം.ടി. റിയാസ് എന്നിവർ പറഞ്ഞു.