എൻ.എം. വിജയന് രണ്ടുബാങ്കുകളിൽ ഒരുകോടിയിലേറെ ബാധ്യത
1492389
Saturday, January 4, 2025 5:29 AM IST
സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന് ബത്തേരിയിലെ രണ്ട് സഹകരണ ബാങ്കുകളിൽമാത്രം ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയുള്ളതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
ബത്തേരി അർബൻ ബാങ്കിലും ബത്തേരി സർവീസ് സഹകരണ ബാങ്കിലുമായാണ് ഇത്രയും തുക വായ്പയുള്ളതായി കണ്ടെത്തിയത്. കാർഷികവായ്പയായാണ് ഇത് എടുത്തിരിക്കുന്നത്. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ പരിശോധനയിലേ വ്യക്തമാകൂവെന്ന് അന്വേഷണ സംഘം പറഞ്ഞു.
എൻ.എം. വിജയന്റെ മുറിയിൽനിന്ന് കിട്ടിയ ഡയറിക്കുറിപ്പിൽ 2022ൽ ഒന്നേകാൽ കോടിയുടെ ബാധ്യതയുള്ളതായി സൂചനയുണ്ട്. നിലവിലെ സ്ഥിതി അറിയുന്നതിന് അന്വേഷണസംഘം ബാങ്കുകളോട് വിവരങ്ങൾ തേടിയിരുന്നു. വിജയന്റെ പേരിലുള്ളതും ഇടപാട് നടത്തിയിട്ടുള്ളതുമായ 14 ബാങ്ക് അക്കൗണ്ടു കളിലെ വിവരങ്ങളാണ് കഴിഞ്ഞദിവസം അന്വേഷണസംഘം തേടിയത്. ഇതിൽ രണ്ടു ബാങ്കുകളാണ് മറുപടി നൽകിയത്.
എൻ.എം. വിജയന്റെയും മകന്റെയും ഫോണുകൾ സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷരീഫ് പറഞ്ഞു.