വാതക ശ്മശാന നിർമാണം: രേഖകൾ പഞ്ചായത്ത് സമർപ്പിക്കുന്നില്ലെന്ന്
1492121
Friday, January 3, 2025 4:38 AM IST
കൂരാച്ചുണ്ട്: കേരള സർക്കാർ കൂരാച്ചുണ്ട് പഞ്ചായത്തിലെ നിർദിഷ്ട ശ്മശാന ഭൂമിയിൽ ആധുനിക വാതക ശ്മശാനം നിർമിക്കുന്നതിനായി രണ്ട് കോടിയിലേറെ രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിട്ടും ടെൻഡർ നടപടികൾക്കാവശ്യമായ രേഖകൾ ഇംപാക്ട് കേരളക്ക് പഞ്ചായത്ത് സമർപ്പിക്കുന്നില്ലെന്ന് ജനകീയ സമരസമിതി ആരോപിച്ചു.
ഇക്കാര്യത്തിൽ പദ്ധതി നടപ്പിലാക്കാതിരിക്കാൻ പഞ്ചായത്ത് മനപ്പൂർവ്വം വീഴ്ച വരുത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. രേഖകൾ ലഭിച്ചുവെങ്കിൽ മാത്രമേ ടെൻഡർ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ഇംപാക്ട് കേരളയിൽനിന്നും സമരസമിതിക്ക് കത്ത് ലഭിച്ചതായും നേതാക്കൾ അറിയിച്ചു.
ജനകീയ സമരസമിതി എല്ലാ വാർഡ് കമ്മിറ്റികളും വിളിച്ചുചേർത്ത് പഞ്ചായത്തിൽ ഉടനീളം പ്രചാരണം നടത്തി വിപുലമായ യോഗം ചേർന്ന് പ്രക്ഷോഭത്തിന് രൂപം കൊടുക്കുമെന്നും ഭാരവാഹികളായ അശോകൻ കുറുങ്ങോട്ട്, ബാലകൃഷ്ണൻ കുറ്റ്യാപുറത്ത്, ഒ.ഡി തോമസ്, ഷിബു ജോർജ് കട്ടക്കൽ എന്നിവർ അറിയിച്ചു.