കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവം: സംയുക്ത പരിശോധന ഇന്ന്
1492109
Friday, January 3, 2025 4:17 AM IST
കോഴിക്കോട്: വടകരയിൽ കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. എൻഐടി വിദഗ്ധരും പോലീസും ഫൊറൻസിക്, സയന്റിഫിക് , കാരവൻ നിർമാണ കമ്പനി സാങ്കേതിക വിദഗ്ധരും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്.
ഇങ്ങനെയുള്ള മരണങ്ങള് അപൂര്വമാണെന്നതിനാലാണ് സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇന്നു രാവിലെയാണ് പരിശോധന നടത്തുക. കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം.
ദീർഘനേരം വാഹനം ഓടാതെ എസി മാത്രം പ്രവര്‍ത്തിപ്പിക്കുന്നതു കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. ഉറങ്ങിക്കിടക്കുമ്പോഴാണു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ ആൾ മരിക്കാനുള്ള സാധ്യത കൂടുതലാണ്.
മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബര്‍ 23-നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്ന അത്താണിക്കല്‍ കയറ്റത്തില്‍ പരിയാരത്ത് മനോജ് കുമാര്‍ (49), ഇതേ കമ്പനിയിൽ ജീവനക്കാരനായ കാസര്‍കോട് വെസ്റ്റ് എമളരി പഞ്ചായത്തിലെ പറമ്പ മറ്റപ്പള്ളി പാറശേരി ജോയല്‍(25) എന്നിവരാണ് മരിച്ചത്.
തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പോലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ വിവാഹ ആവശ്യത്തിന് മലപ്പുറത്തുനിന്നും എത്തിയ കാരവന് തിങ്കളാഴ്ച വൈകുന്നേരം വരെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.