ബേപ്പൂരില്‍ പട്ടം പറത്താന്‍ വിദേശ ടീമുകളും; ചാലിയത്ത് പൊതുജനങ്ങള്‍ക്കും മത്സരം
1492112
Friday, January 3, 2025 4:17 AM IST
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നാല്, അഞ്ച് തീയതികളില്‍ ബേപ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തില്‍ ആറ് വിദേശ പട്ടംപറത്തലുകാര് എത്തും. മലേഷ്യ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് എത്തുന്നത്.
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി 50 പട്ടം പറത്തലുകാരും ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമാകും. ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രമുഖര്‍ പട്ടം പറത്താന്‍ എത്തുന്നത്. ബേപ്പൂര്‍ ഇന്റര്‍നാഷണലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പട്ടം പറത്തല്‍ മത്സരം ചാലിയം ബീച്ചില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം രജിസ്ട്രേഷന് സൗജന്യം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ : 8075127774. പട്ടം പറത്തല്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക ട്രോഫി നല്‍കും. കൈറ്റ് ഫെസ്റ്റിവെലിന്റെ മികച്ച ദൃശ്യങ്ങള്‍ (റില്‍സ്, വീഡിയോ) പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവരില്‍ നിന്നും ഏറ്റവും മികച്ച വീഡിയോക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കും.
പട്ടം പറത്തല്‍ മത്സരം ആറ് വിഭാഗങ്ങളിലായിട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ്, പ്രത്യേക രൂപമുള്ള ആധുനിക പട്ടങ്ങള്‍, പൈലറ്റ് പട്ടങ്ങള്‍, സ്പോടര്‍ട്സ് കൈറ്റുകള്‍, വൃത്താകൃതിയിലുള്ള പട്ടങ്ങള്‍,എല്‍ഇഡി പട്ടങ്ങള്‍ എന്നിവയാണ് മത്സര ഇനങ്ങള്‍.
കൈറ്റ് ഫെഡറേഷന് ഓഫ് ഇന്ത്യ ട്രഷറര്‍ ആര്.ജയന്ത് കുമാര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം പരിശീലകന് അബ്ദുള്ള മാളിയേക്കല്‍,മാനേജര്‍ അലി വെസ്റ്റ്ഹില്‍,കേരള കൈറ്റ് ടീം ക്യാപ്റ്റന്‍ ഹഹാസ് ചാലിയം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.