കാരവനിലെ ഇരട്ടമരണം : വിഷവാതകം തന്നെ വില്ലന്‍; ശാസ്ത്രീയ പരിശോധന നടത്തി വിദഗ്ധര്‍
1492380
Saturday, January 4, 2025 5:29 AM IST
വടകര: കാരവനിലെ ഇരട്ട മരണത്തിന് കാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകം തന്നെയെന്ന അന്തിമ നിഗമനത്തിലേക്ക് വിദഗ്ധരെത്തുന്നു. വിദഗ്ധ സംഘം വെള്ളിയാഴ്ച കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി.
വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാകാം അപകടത്തിനിടയാക്കിയതെന്ന പ്രാഥമിക നിഗമനം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്നലെ നടന്ന പരിശോധനയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 400 പോയിന്റ് മറികടന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിലും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം ശാസ്ത്രീയ പരിശോധനയില്‍ എസിയില്‍ വിഷവാതകം കണ്ടെത്തിയില്ല.
ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് വടകരയില്‍ മണിക്കൂറുകള്‍ നീണ്ട ശാസ്ത്രീയ പരിശോധന നടത്തിയത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഡിസംബര്‍ 23 നാണ് വടകരയിലെ കരിമ്പനപ്പാലം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരെയാണ് വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊന്നാനിയില്‍ കാരവന് ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോയല്‍.