കനത്ത കാറ്റ്; ചക്കിട്ടപാറ മലയോര മേഖലയിൽ നാശനഷ്ടം
1492118
Friday, January 3, 2025 4:38 AM IST
ചക്കിട്ടപാറ: കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ പുലർച്ചെ ഉണ്ടാവുന്ന കാറ്റ് ഇന്നലെ ശക്തി പ്രാപിച്ച് വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കി. മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും തകരാർ സംഭവിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് 15 ൽ പെട്ട പെരുവണ്ണാമൂഴി താഴത്ത് വയലിലെ എഴുത്തു പുരക്കൽ സുരേഷിന്റെ വീടിനു മീതെ തെങ്ങ് കടപുഴകി വീണ് മേൽകൂര ഭാഗം തകർന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വാർഡ് മെമ്പർ വിനിഷ ദിനേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പലയിടങ്ങളിലും കെട്ടിയ ടാർപായകൾ പാറിപ്പോയി. പൂഴിത്തോട് സെന്റ് മേരീസ് വാർഡിൽ തെങ്ങ് വീണ് വൈദ്യുതി ലൈനിനും തൂണുകൾക്കും തകരാർ സംഭവിച്ചു.
ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ അധികൃതർ കിണഞ്ഞു ശ്രമിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്.