ആഗ്നയാമിക്ക് ഉജ്ജ്വലബാല്യം പുരസ്കാരം
1492119
Friday, January 3, 2025 4:38 AM IST
കോഴിക്കോട്:അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന ഉജ്ജ്വലബാല്യം പുരസ്കാരം വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപിസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മുക്കം നടുകില്‍ വാഴക്കുളങ്ങര വീട്ടില്‍ ആഗ്നയാമിക്ക്. 6-11 പ്രായപരിധി പൊതുവിഭാഗ(സാഹിത്യം)ത്തിലാണ് പുരസ്കാരം.
യുകെജി ക്ലാസില്‍ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കവെ 'പെന്‍സിലും ജലറാണിയും' എന്ന പേരില്‍ പ്രഥമ കഥാസമാഹാരവും പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം,
ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അംഗീകാരം,ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെയും, ലണ്ടന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ഫോര്‍ തോട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നല്‍കിവരുന്ന ഇന്ത്യ റീഡിങ് ഒളിംപ്യാഡ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി താമരശേരി ലേഖകന്‍ ബാലുശേരി മണ്ണാംപൊയില്‍ എസ്.ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി കാഷ്യല്‍ ന്യൂസ് എഡിറ്റര്‍ മുക്കം നടുകില്‍ ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ്. സഹോദരങ്ങള്‍: ഐഷാനി ലക്ഷ്മ, ആഷ്ന ഭൗമി.