ചത്ത പാറ്റ ബിരിയാണിയില്‍
1492390
Saturday, January 4, 2025 5:31 AM IST
നിലമ്പൂര്‍: പോലീസുകാരന് പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. നിലമ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് കഴിക്കാന്‍ നിലമ്പൂര്‍ യൂണിയന് ഹോട്ടലില്‍നിന്ന് വരുത്തിയ പാര്‍സല്‍ ബിരിയാണിയിലാണ് ചത്ത പാറ്റയെ കണ്ടത്.
ഇദ്ദേഹം നിലമ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസറെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഓഫീസര്‍ ജൂലിയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്കി.
ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി.
പോലീസുകാരന് താന്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പറ്റയെ കണ്ട വിവരം അറിയിച്ചതോടെ ബിരിയാണി മാറ്റി നല്‍കാമെന്ന മറുപടിയാണ് യൂണിയന് ഹോട്ടല്‍ ഉടമ നല്‍കിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിയ ശേഷം നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ബിരിയാണി പരിശോധിക്കുകയും ചെയ്തു.
പരാതിക്കാരന് പോലീസുകാരനായതിനാല്‍ എന്ത് നടപടിയുണ്ടാകുമെന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്.