സരോവരത്തെ സംഗീത പരിപാടി: കടുത്ത നടപടിക്ക് കോഴിക്കോട് കോര്പറേഷന്
1492120
Friday, January 3, 2025 4:38 AM IST
കോഴിക്കോട്: തണ്ണീര്‍ത്തടം നികത്തല്‍ വിവാദം നിലനില്‍ക്കുന്ന കോഴിക്കോട് സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ ന്യൂഇയര്‍ മെഗാ സംഗീത പരിപാടി നടത്തിയ സംഭവത്തില്‍ ശക്തമായ നടപടിക്കൊരുങ്ങി കോഴിക്കോട് കോര്പറേഷന്. കോര്‍പറേഷന്റെ വിലക്ക് മറികടന്നാണ് സംഗീത പരിപാടി നടത്തിയത്.
പ്രദേശവാസികളുടെ പരാതി പ്രകാരം കോര്പറേഷന് സംഗീത പരിപാടിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സമ്പാദിച്ചാണ് സംഘാടകര്‍ മെഗാഷോ സംഘടിപ്പിച്ചത്. ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനിച്ചാണ് സംഗീത പരിപാടി നടത്തിയതെന്നാണ് കോര്‍പറേഷന്റെ ആരോപണം.
ജനവികാരം മാനിച്ച് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഭൂമിയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് കോര്‍പറേഷന്റെ തീരുമാനം. സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും പരിപാടി നടത്താനുള്ള നീക്കവുമായി സംഘാടകര്‍ മുന്നോട്ടു പോയതോടെ കഴിഞ്ഞതിങ്കളാഴ്ച രാത്രിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്മാന് കൂടിയായ സ്ഥലം കൗണ്‍സിലര്‍ എം.എന്‍.പ്രവീണിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രാത്രി പത്തോടെ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും സ്റ്റോപ് മെമ്മോയുടെ കോപ്പി പോലീസിനു കൈമാറുകയും ചെയ്തിരുന്നു.
മെഗാ സംഗീത പരിപാടി നടക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് കുലുക്കം ഉണ്ടാകുന്നുണ്ടെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പ്രദേശവാസികള്‍ ഉന്നയിച്ചത്. ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും കോടതി വിധിയുടെ മറവില്‍ സംഗീത പപരിപാടി നടത്തിയതാണ് കോര്പറേഷന്െ ചൊടിപ്പിച്ചിരിക്കുന്നത്.