ഉറങ്ങിക്കിടന്ന കുട്ടിയെ വാഹനം സഹിതം തട്ടിക്കൊണ്ടുപോയി; മാതാപിതാക്കള്‍ രക്ഷപെടുത്തി
1492108
Friday, January 3, 2025 4:17 AM IST
കോഴിക്കോട്: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ കാര്‍ സഹിതം തട്ടിക്കൊണ്ടു പോയതായി പരാതി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്ന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. കുറ്റ്യാടി സ്വദേശികളായ മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആശാരി പറമ്പ് സ്വദേശി വിജീഷ് (41) എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഇതിനിടെയാണ് വിജീഷ് കാറും കുട്ടിയുമായി കടന്നുകളഞ്ഞത്. തൊട്ടുപിന്നാലെ സുഹൃത്തിന്റെ വാഹനത്തില്‍ മന്‍സൂറും ജല്‍സയും കാറിനെ പിന്തുടര്ന്നു വിജീഷിനെ പിടികൂടി.
കുട്ടിയെ കുറച്ച് അപ്പുറത്ത് ഇറക്കിയിട്ടുണ്ടെന്നായിരുന്നു വിജീഷിന്റെ പ്രതികരണം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ രണ്ടുകിലോമീറ്റര്‍ അകലെ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. അവ്യക്തമായ കാര്യങ്ങളാണ് വിജീഷ് പറഞ്ഞുകൊണ്ടിരുന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ കൂടുതല്‍ വ്യക്തത വരുത്തുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിജീഷിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. കുട്ടി കാറിലുള്ള വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.