വഴിക്കു തടസമായി നിന്ന വൈദ്യുതി തൂണ് പിഴുതുമാറ്റി
1492403
Saturday, January 4, 2025 5:45 AM IST
ചക്കിട്ടപാറ: കെഎസ്ഇബിയുടെ ചക്കിട്ടപാറ സബ് സ്റ്റേഷനിലേക്ക് പെരുവണ്ണാമൂഴിയില്‍നിന്ന് വൈദ്യുതി എത്തിക്കാന്‍ സ്ഥാപിച്ച വലിയ ലോഹ തൂണുകളില്‍ ശേഷിക്കുന്നത് ഇന്നലെ പിഴുതു മാറ്റി. പെരുവണ്ണാമൂഴി- ചക്കിട്ടപാറ റൂട്ടില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പാണ് റോഡിന്റെ വീതി നിര്‍ണയിക്കാതെ 56 ലോഹ തൂണുകള്‍ സ്ഥാപിച്ചത്.
ഹൈവേ നിര്‍മാണം തുടങ്ങിയപ്പോള്‍ പ്രവര്‍ത്തിക്ക് ഇത് തടസമായി. പലരുടെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വഴി അടഞ്ഞു. തൂണുകള്‍ പിഴുത് മാറ്റിയാല്‍ മാത്രമേ പരിഹാരം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു കെആര്‍എഫ്ബിയുടെ നിലപാട്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പ്രശ്നം പരിഹരിക്കുന്നത് മാസങ്ങള്‍ നീണ്ടു പോയി.
താലൂക്ക് വികസന സമിതി മെമ്പര്‍ രാജന് വര്‍ക്കി ഈ പ്രശ്നമുയര്‍ത്തി ഒറ്റയാള്‍ സമരം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ ഉണ്ടായത്. 15 തൂണുകള്‍ ഒഴികെ മറ്റെല്ലാം ഒരാഴ്ച മുമ്പ് മാറ്റിയിരുന്നു. രാജന് വര്‍ക്കിയുടെ വീട്ടിലേക്കുള്ള വഴി തടസപ്പെട്ട നിലയിലായിരുന്നു.
ഇവിടെയുള്ള തൂൺ മാറ്റാതെ വഴി കൊടുക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ രാജന് വര്‍ക്കിയുടെ വീട്ടിലേക്കുള്ള വഴിക്ക് തടസമായി നിന്ന ലോഹ തൂണ് പിഴുതുമാറ്റുകയായിരുന്നു.