തീവണ്ടിയാത്ര സൗകര്യം മെച്ചപ്പെടുത്തും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
1492388
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: മലബാറിലെ അടക്കം തീവണ്ടി യാത്രാ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മെച്ചപ്പെടുത്തുമെന്നും ഈ വിഷയത്തില്‍ യാതൊരു അവഗണനയും വിവേചനവും കേരളത്തോട് കാണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് ചെയര്‍മാനും മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയും ജനറല്‍ സെക്രട്ടറി എം.കെ. അയ്യപ്പനും സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് റെയില്‍വേ അതിഥി മന്ദിരത്തില്‍ വച്ച് മന്ത്രി വിവിധ പ്രതിനിധികളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കളായ അഡ്വ. കെ.പി. പ്രകാശ് ബാബു, വി.കെ. സജീവന് എന്നിവര്‍ ചര്‍ച്ചകളില്‍ സന്നിഹിതരായിരുന്നു.
20 ബോഗികളായി വര്‍ദ്ധിപ്പിച്ച രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ട്രയല്‍ റണ്‍ നടത്തി എത്രയും വേഗം ആരംഭിക്കുമെന്നും പുതിയ ടൈംടേബിള്‍ പ്രകാരമുള്ള സമയക്രമത്തില്‍ മലബാറിലെ യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മംഗലാപുരം ഗോവ വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്ന കാര്യം, മലബാറിലേക്ക് കൂടുതല്‍ മെമു സര്‍വീസ്, ആഘോഷ അവധി വേളകളില്‍ പ്രത്യേക വണ്ടികള്‍, മുതിര്‍ന്ന പൗരന്മാര്ക്കുള്ള യാത്രാനിരക്ക് സൗജന്യം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കല്‍,
മംഗലാപുരത്ത് നിന്നും കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് തീവണ്ടികള്‍ നീട്ടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കോഴിക്കോട് എംപി എം.കെ. രാഘവന്, റെയില്‍വേ പാലക്കാട് ഡിവിഷന് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.