എം.ടിയുടെ വസതി സന്ദര്‍ശിച്ച് കെ.സി. വേണുഗോപാലും കെ. സുധാകരനും
1492381
Saturday, January 4, 2025 5:29 AM IST
കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ വസതി സന്ദര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയും. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ സിതാരയില്‍ എത്തിയത്. എം.ടിയുടെ ഭാര്യ സരസ്വതയെയും മകള്‍ അശ്വതിയെയും നേതാക്കള്‍ അനുശോചനം അറിയിച്ചു.
മരണ ദിവസം കേരളത്തില്‍ ഇല്ലാതിരുന്നതിനാല്‍ കോഴിക്കോട് എത്താന്‍ കഴിയാത്തതിലെ വിഷമവും ഇരുവരും വീട്ടുകാരെ അറിയിച്ചു. കോട്ടക്കലില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്ത് രാഹുല്‍ഗാന്ധി എംടിയെ സന്ദര്‍ശിച്ചതും എംടി സ്നേഹപൂര്‍വ്വം രാഹുലിന് പേന സമ്മാനിച്ചതുമായ അനുഭവങ്ങള്‍ നേതാക്കള്‍ വീട്ടുകാരുമായി പങ്കുവച്ചു.