സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍
1492110
Friday, January 3, 2025 4:17 AM IST
കോഴിക്കോട്: സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍ അഞ്ചുവരെ കോഴിക്കോട് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടായിരം കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നുരാവിലെ ശരീര നിര്‍ണയവും ഉച്ചയ്ക്കുശേഷം മത്സരങ്ങളും നടക്കും.
നാലിനും അഞ്ചിനു രാവിലെ ഒമ്പതിനു മത്സരങ്ങള്‍ ആരംഭിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും വൈകിട്ട് ആറിന് എം.കെ. രാഘവന് എംപി നിര്‍വഹിക്കും. കേരള ആം റസ്ലിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അജു ജേക്കബ് അധ്യക്ഷത വഹിക്കും.
ആം റസ്ലിംഗ് ദേശീയ പ്രസിഡന്റും നടിയമായ പ്രീതി ജാഗ്യനി, പ്രോ പഞ്ചാ ലീഗ് ചെയര്‍മാനും നടനുമായ പറവീന്‍ ദബ്ബാസ് എന്നിവര്‍ സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്റര്‍നാഷണല്‍ റഫറിമാര്‍ അടക്കം 40 ഒഫീഷ്യലുകള്‍ ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാന്‍ എത്തും. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്സ്, പാരാ ഇടത്-വലത് വിഭാഗങ്ങളിലാണ് മത്സരം.
എല്ലാ കാറ്റഗറിയിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ ഹരിയാനയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജഴ്സിയണിയും. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരവും പിഎസ് സി അംഗീകാരവും പഞ്ചഗുസ്തി താരങ്ങള്‍ക്കുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി എളൂര്, ഇ.വി. സലീഷ്, ഇ. േറാഷിത്, വി.ടി. സമീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.