അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുന്നില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
1492391
Saturday, January 4, 2025 5:32 AM IST
കോഴിക്കോട്: പണമില്ലാത്തതിനാൽ അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. മൂന്നാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്യാൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കൊള്ളയ്ക്ക് ആരോഗ്യപ്രവർത്തകരുടെ ഒത്താശയുണ്ടെന്നും ഇതിന് വേണ്ടി വൻ തുക ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
പണമില്ലെങ്കിൽ മൃതദേഹം കേരളത്തിൽ തന്നെ സംസ്ക്കരിക്കേണ്ടി വരും. മരിച്ചാൽ മൃതദേഹങ്ങൾക്ക് വിലയേറുന്നതായും സ്വകാര്യ ഏജൻസികൾ ഇക്കാര്യത്തിൽ കൊയ്ത്തു നടത്തുന്നതായും ആരോപണമുണ്ട്.
സർക്കാരും തൊഴിലുടമകളും കൈയൊഴിയുന്നതോടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ മോർച്ചറികളിൽ ദിവസങ്ങളോളം കഴിയാനാണ് വിധിയെന്നും ആരോപണമുണ്ട്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.