മയക്കുമരുന്ന് കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവ്
1539214
Thursday, April 3, 2025 5:36 AM IST
മഞ്ചേരി : മയക്കുമരുന്നു സഹിതം പോലീസിന്റെ പിടിയിലായ യുവാവിന് മഞ്ചേരി എൻഡിപിഎസ് കോടതി പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മലപ്പുറം പേരശന്നൂർ പാണ്ടികശാല കൈപ്പള്ളി മുബഷിർ (29) നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 24ന് രാത്രി ഒന്പതരക്ക് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടറായിരുന്ന എ.എം. യാസിറാണ് പൊന്ന്യാംകുർശി ബൈപ്പാസ് റോഡിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 65 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിക്ക് നാളിതു വരെ ജാമ്യം ലഭിച്ചിരുന്നില്ല. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് 11 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു.
29 രേഖകളും ഏഴ് തൊണ്ടി മുതലുകളും ഹാജരാക്കി. എസ്ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസണ്‍ ഓഫീസർ. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
കേസിലെ രണ്ടാം പ്രതിയായിരുന്ന നിലന്പൂർ ചക്കാലക്കുത്ത് ചെറുത്ത് ശ്രീമേഷ് (32) നെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.