മഞ്ചേരി പൂരത്തിന് ഇന്ന് കൊടിയേറും
1539209
Thursday, April 3, 2025 5:32 AM IST
മഞ്ചേരി: മഞ്ചേരി പൂരത്തിന് ഇന്ന് കൊടിയേറും. കുന്നത്തന്പലം എന്നറിയപ്പെടുന്ന ശ്രീമൂതൃകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് പൂരം പുറപ്പാടോടെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് ഏഴിന് ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു പൂരാഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കും. ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണ്‍, മഞ്ചേരി എസ്എച്ച്ഒ ഡോ. എം. നന്ദഗോപൻ, ദേവസ്വം സീനിയർ സൂപ്രണ്ട് സി.സി. ദിനേശ്, ഡിവിഷണൽ ഇൻസ്പെക്ടർ ബാബുരാജ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
തുടർന്ന് കാഞ്ഞങ്ങാട് ബിജുമാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം, എല്ലാദിവസവും രാവിലെ പ്രഗത്ഭ വാദ്യകലാകാരാർ അണിനിരക്കുന്ന മേളത്തോടു കൂടിയ എഴുന്നള്ളത്ത്്, വിവിധ കലാപരിപാടികൾ, വൈകിട്ട് എല്ലാ ദിവസവും തായന്പക, ഏപ്രിൽ ഏഴിന് വൈകിട്ട് പിന്നണി ഗായകൻ രാജീവ് കാക്കഞ്ചേരി അവതരിപ്പിക്കുന്ന കാലിക്കട്ട് മേലഡി വോയ്സിന്റെ ഗാനമേള, എട്ടിന് ഉത്സവബലി,
വൈകിട്ട് കലാമണ്ഡലം ശിവദാസ് മാരാരും കലാമണ്ഡലം സനൂപ് മാരാരും അവതരിപ്പിക്കുന്ന ഡബിൾ തായന്പക, കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, പ്രാദേശിക കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തസംഗീത വിരുന്ന്, ഒന്‍പതിന് വൈകിട്ട് ഗജവീരൻമാരുടെ അകന്പടിയോടെ നഗര പ്രദക്ഷിണ ഘോഷയാത്രയും 10 ന് വൈകിട്ട് പകൽ പൂരവും നടക്കും.
11ന് ഉത്സവ കൊടിയിറക്കത്തോട് കൂടി ഒന്‍പത് ദിവസം നീണ്ടു നിൽക്കുന്ന പൂരത്തിന് തിരശീല വീഴും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബിനോയ് ഭാസ്കർ, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. മാധവൻ, സെക്രട്ടറി ജയേഷ് അയ്യോളി, ട്രഷറർ യദുവർമ ഗോപിനാഥ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ നന്ദകുമാർ പരിയാരത്ത്, കണ്‍വീനർ കെ.സി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.