ഡോ. എച്ച്.വി. ഈശ്വറിന് ജ്ഞാനശ്രേഷ്ഠ പുരസ്കാരം
1539208
Thursday, April 3, 2025 5:32 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവൻ ശാസ്ത്ര,സങ്കേതിക, വിദ്യാഭ്യാസ, കലാ രംഗത്തെ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് ഏർപ്പെടുത്തിയ ഇത്തവണത്തെ ജ്ഞാന ശ്രേഷ്ഠ പുരസ്കാരത്തിന് പ്രമുഖ ന്യൂറോസർജനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രഫസറുമായ ഡോ. എച്ച്.വി. ഈശ്വർ അർഹനായി. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.
മുൻ ഡിജിപി ജേക്കബ് തോമസ്, വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ വിനോദ്കുമാർ, കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ പി. രവീന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത് അഞ്ചിന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരം കൈമാറും. സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള സുവനീർ കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ പി. രവീന്ദ്രൻ പ്രകാശനം ചെയ്തു.
തിരുവനന്തപുരം സ്വദേശിയായ ഡോ. എച്ച്.വി. ഈശ്വർ ശ്രീചിത്ര മെഡിക്കൽ സയൻസിൽ പ്രഫസറായും ന്യൂറോവിഭാഗം മേധാവിയുമായി പ്രവർത്തിക്കുന്നു. പ്രശസ്ത ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി വിസിറ്റിംഗ് പ്രഫസറാണ്. പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. 2012 ൽ സർക്കാരിന്റെ ആരോഗ്യ വിഭാഗം നൽകുന്ന മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാരത്തിന് അർഹനായി.
ഭാര്യ: ഡോ. ഗായത്രി പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ശാസ്ത്രജ്ഞയാണ്.മക്കൾ: ഹരി, ചാരു. വാർത്താ സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോക്ടർ പി. രവീന്ദ്രൻ, വിദ്യാലയ സമിതി പ്രസിഡന്റ് പ്രഫ. എം.വി. കിഷോർ, വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് അഡ്വ.ടി.ജി.മാധവനുണ്ണി, സ്കൂൾ മാനേജർ കെ.കൃഷ്ണകുമാർ, പ്രിൻസിപ്പൽ പി. ഹരിദാസ് എന്നിവർ പങ്കെടുത്തു.