പ്രിയങ്കഗാന്ധി പങ്കെടുത്ത ചടങ്ങിൽ ലീഗിന് അവഗണന
1539210
Thursday, April 3, 2025 5:32 AM IST
വണ്ടൂർ: കഴിഞ്ഞ ദിവസം വണ്ടൂരിൽ പ്രിയങ്കഗാന്ധി എംപി പങ്കെടുത്ത ചടങ്ങിൽ മുസ്ലിം ലീഗിന് അവഗണനയെന്ന പരാതിയുമായി മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എ. മജീദ് രംഗത്ത്. രാഹുൽഗാന്ധിയുടെ കാലം മുതൽ ലീഗുമായി കോണ്ഗ്രസ് കൂടിയാലോചന നടത്തുന്നില്ലെന്നും തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മുന്നണി സംവിധാനത്തിൽ ഈ രീതിയിൽ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ലീഗ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് വണ്ടൂർ പുളിയക്കോട് കെ.ടി. കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ’് പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ 29 വീടുകൾ കൈമാറിയത്.
ഈ വീടുകളുടെ താക്കോൽദാനം പ്രിയങ്കഗാന്ധി എംപിയാണ് നിർവഹിച്ചത്. ചടങ്ങിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളോ അണികളോ കാര്യമായി പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗത്തിലേക്ക് തങ്ങളെ പങ്കെടുപ്പിച്ചില്ലെന്നും പരിപാടിയുടെ തൊട്ടുമുന്നിലായി നടന്ന യുഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞില്ലെന്നുമാണ് ലീഗ് നേതാക്കൾ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രമാണ് ലീഗ് നേതൃത്വവുമായി കോണ്ഗ്രസ് കൂടിയാലോചന നടത്തുന്നത്.
എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ കണ്ടെത്തുന്ന കൂടിയാലോചന യോഗത്തിൽ അടക്കം ലീഗിനെ പങ്കെടുപ്പിക്കുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാഹുൽഗാന്ധി എംപി ആയി വന്നത് മുതൽ നിലവിൽ പ്രിയങ്ക ആയപ്പോഴും അവഗണന തുടരുകയാണെന്നും നേതൃത്വം ആരോപിക്കുന്നു.
എന്തുകൊണ്ടാണ് ലീഗിനെ ഇക്കാര്യങ്ങളൊന്നും തന്നെ മുൻകൂട്ടി അറിയിക്കാത്തത് എന്നത് അറിയില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പി.എ. മജീദ് പറഞ്ഞു.
ഇക്കാര്യങ്ങൾ ഇതിനു നേതൃത്വം നൽകുന്ന എ.പി. അനിൽകുമാർ എംഎൽഎയോട് നേരിട്ട് അറിയിക്കാനുള്ള തീരുമാനത്തിലാണ് ലീഗ് നേതൃത്വം. കോണ്ഗ്രസ് അവഗണിക്കുന്നതിനെതിരെ പാർട്ടിക്കകത്തും അണികൾക്കിടയിലും പ്രതിഷേധം ശക്തമാണ്.