ഹിറ്റ് ആൻഡ് റണ്‍: 39 അപേക്ഷ തീർപ്പാക്കി
1539206
Thursday, April 3, 2025 5:32 AM IST
മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ (ഹിറ്റ് ആൻഡ് റണ്‍) സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സമിതിയുടെ അവലോകന യോഗം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു.
41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. ജില്ലാതല സമിതി പരിശോധിച്ചാണ് അപേക്ഷ തീർപ്പാക്കുക.
റോഡ് സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലാണ് ജാഥ നടത്തുക. പോലീസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം എന്നിവയുടെ അഭിമുഖ്യത്തിലാണ് പരിപാടി നടത്തുക.
തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ.എം. മെഹറലി, ഡിവൈഎസ്പി ജയചന്ദ്രൻ, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ഭാരവാഹി കെ.എം. അബ്ദു, ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി എന്നിവർ പങ്കെടുത്തു.