നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : ആരാകും കോണ്‍ഗ്രസ് സ്ഥാനാർഥി ? തീരുമാനമെടുക്കാന്‍ സർവേ
1539202
Thursday, April 3, 2025 5:32 AM IST
നിലന്പൂർ: നിലന്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയോ? ആര്യാടൻ ഷൗക്കത്തോ? മണ്ഡലത്തിൽ കോണ്‍ഗ്രസ് സർവേ തുടങ്ങി. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വണ്ടൂർ എംഎൽഎയുമായ എ.പി.അനിൽകുമാർ അഞ്ചിന് നിലന്പൂരിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ നിലപാടും സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകും. മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലം എന്ന് പറയാവുന്ന വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒന്നാണ് നിലന്പൂർ. 2016 ലാണ് 30 വർഷത്തെ കോണ്‍ഗ്രസ് കോട്ട തകർന്നത്.
എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ യുഡിഎഫ് അനുകൂല നിലപാടിലേക്ക് വന്ന നിലവിലെ സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നു. മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും സജീവമായി രംഗത്തുണ്ട്.
വി.എസ്.ജോയിക്കും ആര്യാടൻ ഷൗക്കത്തിനും വേണ്ടി കോണ്‍ഗ്രസിനുള്ളിൽ നേതാക്കൾ ചരടുവലി ഊർജിതമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇതിൽ ഒരാളെ തള്ളി രണ്ടാമത്തെ ആളെ സ്ഥാനാർഥിയാക്കുകയെന്നത് ഏറെ വിഷമം പിടിച്ച കടന്പയാകും. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദേശ പ്രകാരം മണ്ഡലത്തിൽ സർവേ നടക്കുന്നത്. കോണ്‍ഗ്രസ് പ്രവർത്തകർ, നേതാക്കൾ എന്നിവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ശേഷം ഘടകകക്ഷികളുടെ അഭിപ്രായവും സർവേയുടെ ഭാഗമായി ഉണ്ടാകും.
രണ്ട് നേതാക്കളും തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചവരാണ്. 2016 ലും 2021 ലും കോണ്‍ഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയിൽ ഒരു വിഭാഗം വോട്ടുകൾ പി.വി. അൻവറിന് അനുകൂലമായി പോൾ ചെയ്തതിന്റെ ഫലമായിരുന്നു.
അതിന്റെ മുറിവ് ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല. ഹൈക്കമാൻഡ് ആയിരിക്കും ഇവരിൽ ആര് മത്സരിക്കുകയെന്ന് തീരുമാനിക്കുക. 2016 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് നിലന്പൂർ മണ്ഡലത്തിൽ വിജയിച്ച് മറുപടി നൽകണമെന്ന ആഗ്രഹമാണ് ആര്യാടൻ ഷൗക്കത്തിനുള്ളത്. അതുകൊണ്ട് മാത്രമാണ് 2021 ൽ പട്ടാന്പിയിൽ സ്ഥാനാർഥിത്വം നൽകിയിട്ടും മത്സരിക്കാതെ ഷൗക്കത്ത് പിൻമാറിയത്.
അതിനാൽ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് ഷൗക്കത്ത്. നിലന്പൂർ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ എന്നി നിലകളിൽ ഭരണമികവും തെളിയിച്ചിട്ടുണ്ട്. സാംസ്കാരിക സാഹിതി ചെയർമാൻ, ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, നിലന്പൂർ അർബൻ ബാങ്ക് ചെയർമാൻ എന്നി നിലകളിലും പ്രവർത്തന മികവ് പുലർത്തിയിട്ടുള്ള നേതാവാണ്.
വി.എസ്. ജോയ് ആകട്ടെ ജില്ലയിൽ നിന്നുള്ള കെഎസ്യുവിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്, കെപിസിസി സെക്രട്ടറി, കഴിഞ്ഞ മൂന്നര വർഷമായി ഡിസിസിയുടെ അധ്യക്ഷൻ എന്നി നിലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിതലത്തിൽ മികച്ച നിലയിലാണ് വിലയിരുത്തിയിട്ടുള്ളത്.
അതേസമയം ഈ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ അത് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവ് ഇരുനേതാക്കൾക്കുമുണ്ട്. അതിനാൽ ഇരുവരും സീറ്റിനായി 18 അടവുകളും അണിയറയിൽ പയറ്റും. ഇരുവരുടെ അവകാശവാദങ്ങൾക്ക് പരിഹാരം കാണാനാണ് പാർട്ടി സർവേ നടത്തുന്നത്. നിലന്പൂരിൽ പി.വി. അൻവറിന്റെ പിന്തുണ ഇതിൽ ആർക്കാകുമെന്നതും നിർണായകമാകും.