കനത്ത ചൂടിനെ തണുപ്പിക്കാൻ തണ്ണിമത്തൻ എത്തിത്തുടങ്ങി
1516655
Saturday, February 22, 2025 4:48 AM IST
കരുവാരകുണ്ട്: വേനൽ ആരംഭത്തിൽ തന്നെ ചൂട് കനത്തതോടെ തണ്ണിമത്തൻ വരവും വിൽപ്പനയും വർധിച്ചു. വേനൽക്കാലത്തേക്ക് വിളവെടുപ്പിന് പാകമാക്കിയാണ് ഒട്ടുമിക്ക തണ്ണിമത്തൻ തോട്ടങ്ങളും തയാറാക്കുന്നത്. ചൂട് അസഹ്യമായി തുടങ്ങിയതോടെയാണ് തണ്ണിമത്തന് ആവശ്യക്കാർ ഏറിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ധാരാളം തണ്ണിമത്തൻ വിൽപ്പനശാലകളാണ് ആരംഭിച്ചിട്ടുള്ളത്.
മൊത്തകച്ചവടക്കാരും ചെറുകിട വ്യാപാരികളും കൂടിയ തോതിലാണ് തണ്ണിമത്തൻ ശേഖരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. തണ്ണിമത്തത്തിന് ആവശ്യക്കാർ ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു. തണ്ണിമത്തൻ കൂടുതലായും ഇതര സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ് എത്തുന്നത്. കേരളത്തിൽ അപൂർവമായി മാത്രമാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിൽ തന്നെ തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായും കേരളത്തിലേക്ക് എത്തിക്കുന്നത്.
മലയാളികൾ മൊത്തത്തിൽ തോട്ടങ്ങൾ വിലയ്ക്ക് വാങ്ങി അവിടെ നിന്നാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് തണ്ണിമത്തൻ കൊണ്ടുവരുന്നത്. സാധാരണ ചെറുകിട കച്ചവടക്കാർ 20 രൂപ മുതൽ ചില്ലറ വിൽപ്പന നടത്തുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതിനു പുറമേ വിവിധ വിദേശരാജ്യങ്ങളിലുള്ള പലതരത്തിലുള്ള തണ്ണിമത്തനുകളും വിപണിയിലെ ലഭ്യമാണ്. ചൂട് കനക്കുന്നതോടെ തണ്ണിമത്തൻ വിൽപ്പന പൊടിപൊടിക്കുമെന്ന് തന്നെയാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
അടുത്തമാസം റംസാൻ ആരംഭിക്കുക കൂടി ചെയ്യുന്നതോടെ തണ്ണിമത്തൻ വിൽപ്പനയിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് കച്ചവടക്കാർ പറയുന്നു. തണ്ണിമത്തൻ വിൽപ്പനക്ക് പുറമേ തണ്ണിമത്തൻ ജ്യൂസുകളും തണ്ണിമത്തൻ ഉപയോഗിച്ചുള്ള വിവിധ പാനീയങ്ങളുടെ വിൽപ്പനയും വഴിയോരങ്ങളിൽ സജീവമാണ്.