നാടിനെ ആവേശത്തിലാക്കി കരുവമ്പ്രത്ത് കൊയ്ത്തുത്സവം
1516312
Friday, February 21, 2025 5:42 AM IST
മഞ്ചേരി: നഗരസഭാ പരിധിയിലെ ഏറ്റവും വലിയ പാടശേഖരമായ കരുവമ്പ്രത്തെ കൊയ്ത്തുത്സവം നാടിന് ആഘോഷമായി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഉൾപ്പെടെ 25 ഏക്കറിലാണ് കൃഷിയിറക്കിയത്.
ഭൂമി ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. ചെയര്‍പേഴ്സൺ വി.എം. സുബൈദ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ ഗവ. യുപി സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളും എത്തിയതോടെ കൊയ്ത്തുത്സവത്തിന് ആവേശമായി. കൊയ്ത്തുപാട്ടിന് താളം പിടിച്ച് വിദ്യാര്‍ഥികളും അധ്യാപകരും പാടത്തേക്കിറങ്ങി.
യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് ആദ്യമായി നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. കര്‍ഷകരോട് നെല്‍ കൃഷിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും വിദ്യാര്‍ഥികള്‍ ആരാഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ടി. തങ്കമണി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ എന്‍.കെ. ഖൈറുന്നീസ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍മാരായ ഹുസൈന് മേച്ചേരി, ജസീനാബി അലി, ടി. ശ്രീജ, ഫാത്തിമ സുഹ്റ, ബീനാ തേരി, പാടശേഖര സമിതി പ്രസിഡന്റ് മോഹനന്, സെക്രട്ടറി അയ്യപ്പന്, പുല്ലൂര്‍ സ്കൂളിലെ അധ്യാപകരായ കെ. രാധ, സി. പി. നൗഫല്‍, കെ.സി. അനിത, എം. നഫീസ, എം. ശ്രീജ, എം.കെ. ജസീല, കര്‍ഷകനായ അബു കൈനിക്കര, വി.എം. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.