പെരിന്തൽമണ്ണ ക്രിമറ്റോറിയത്തിൽ നഗരസഭാ നിവാസികൾക്ക് ഫീസില്ല
1516651
Saturday, February 22, 2025 4:48 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭാ നിവാസികൾക്ക് ക്രിമറ്റോറിയത്തിൽ ഫീസ് നൽകേണ്ടതില്ലെന്ന് കൗണ്‍സിൽ യോഗം തീരുമാനം. അതേസമയം നഗരസഭയുടെ ക്രിമറ്റോറിയത്തിൽ മൃതദേഹ സംസ്കരണ ഫീസായി നിലവിലെ 2500 രൂപയിൽ മാറ്റം വരുത്തി. നഗരസഭാ നിവാസികൾക്ക് ഫീസ് ഇല്ലാതെയും നഗരസഭക്ക് പുറത്തുള്ള ആളുകൾക്ക് 3500 രൂപയുമായിരിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്ന ജലാശയങ്ങൾ, സമീപപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിച്ച് ആസ്തിയിൽ കൂട്ടിച്ചേർക്കുന്ന നടപടികൾസ്വീകരിക്കുവാനും തീരുമാനിച്ചു. റവന്യു, ഇറിഗേഷൻ, സർവേ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നഗരസഭയിൽ വിവരങ്ങൾ ശേഖരിച്ച് നടപടികൾ സ്വീകരിക്കുക.
അമൃത്- 2 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ ഉപയോഗശൂന്യമായി കിടക്കുന്ന മംഗലംകുളം, പാടത്തെകുളം നവീകരിക്കും. പാടത്തെകുളം നവീകരണത്തിന് 28 ലക്ഷം രൂപയും മംഗലംകുളം നവീകരണത്തിന് 45 ലക്ഷവുമാണ് ചെലവഴിക്കുക. ജലാശയസംരക്ഷണത്തിന്റെ ഭാഗമായി നേരത്തെ 12 കുളങ്ങൾ പെരിന്തൽമണ്ണ നഗരസഭ നവീകരിച്ചിരുന്നു.
നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13, 27 വാർഡുകളിൽ വനിതകൾക്കായി നിർമിക്കുന്ന ഓപ്പണ്‍ ജിമ്മുകൾ ഉടനെ യഥാർഥ്യമാകും. 10 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന ഓപ്പണ്‍ ജിം നിർമിക്കുന്നതിന് അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് ക്ഷണിച്ച ടെൻഡർ നടപടികൾക്ക് കൗണ്‍സിൽ അംഗീകാരം നൽകി. നഗരസഭാ അധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.