ചുങ്കത്തറയിൽ "കൃഷി സമൃദ്ധി’ പദ്ധതിക്ക് ആവേശകരമായ തുടക്കം
1516650
Saturday, February 22, 2025 4:48 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ കൃഷിസമൃദ്ധി പദ്ധതിക്ക് ആവേശകരമായ തുടക്കം. കർഷക ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്കായി പത്തംഗ പഞ്ചായത്ത് തല വർക്കിംഗ് ഗ്രൂപ്പ് സംഘം നിലവിൽ വന്നു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡിലും കൃഷിയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി വിവിധ വിളകൾ കൃഷി ചെയ്യുകയാണ് ലക്ഷ്യം.
ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുതകുന്ന വിളകൾ ഓരോ പ്രദേശത്തും തെരഞ്ഞെടുക്കും. വാർഡുതലത്തിലെ കൃഷിക്കൂട്ടങ്ങളിലൂടെ വികസന മൈക്രോപ്ലാനുകൾ തയാറാക്കുകയാണ് ആദ്യഘട്ട പ്രവർത്തനം. നൂതന സമ്മിശ്ര കൃഷിരീതികൾക്കും കാർഷിക യന്ത്രവത്കരണത്തിനും മുൻതൂക്കം നൽകുന്നതോടെ കർഷകർ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതുന്നു.
സംസ്ഥാന കൃഷിവകുപ്പ് കൃഷിസമൃദ്ധി പദ്ധതി നടപ്പാക്കുന്ന മലപ്പുറം ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ഒന്നാണ് ചുങ്കത്തറ. പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിലുള്ള കൃഷിക്കൂട്ടങ്ങളുടെ യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ടി.പി. റീന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് നുസൈബ സുധീർ അധ്യക്ഷത വഹിച്ചു. നിലന്പൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുല ബാലൻ പദ്ധതി വിശദീകരിച്ചു.ചുങ്കത്തറ കൃഷി ഓഫീസർ ടി. രേഷ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി.വി. മിനി, സന്ധ്യ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ കാർഷിക സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.