നജീബ് എംഎൽഎയെ ഒറ്റപ്പെടുത്തി അക്രമിക്കുവാൻ അനുവദിക്കില്ല: പി.കെ. ബഷീർ എംഎൽഎ
1516640
Saturday, February 22, 2025 4:43 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ അസൂയാവഹമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും നടത്തുന്ന നജീബ് കാന്തപുരം എംഎൽഎയുടെ ജനസമ്മതിയിൽ ഭയപ്പെട്ടതുകൊണ്ടാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന്റെ പേരിൽ എംഎൽഎക്കെതിരേ മാർക്സിസ്റ്റ് പാർട്ടി സമരാഭാസങ്ങൾ നടത്തുന്നതെന്ന് പി.കെ.ബഷീർ എംഎൽഎ അഭിപ്രായപ്പെട്ടു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനാധിപത്യവിരുദ്ധ സമരങ്ങൾ നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുവാനും എംഎൽഎയെ ഒറ്റപ്പെടുത്തുവാനുമാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും ഭീഷണിക്ക് വഴങ്ങുകയില്ലെന്നും പി.കെ.ബഷീർ എംഎൽഎ പറഞ്ഞു.
സംസ്ഥാന ബജറ്റിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നിർദേശങ്ങൾക്ക് പകരം നികുതി ഭാരം ചുമത്തി ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന നിർദേശമാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിൽ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. ബഷീർ എംഎൽഎ.
യോഗത്തിൽ അഡ്വ.ടി.സിദ്ദിഖ് എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, സന്ദീപ് വാര്യർ, നാലകത്ത് സൂപ്പി, കെപിസിസി സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം യുഡിഎഫ് കണ്‍വീനർ അഡ്വ. എസ്.അബ്ദു സലാം, എ.കെ.നാസർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ.മുസ്തഫ, നാലകത്ത് ഷൗക്കത്ത്, സി.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.