ചുമട്ടുതൊഴിലാളികളുടെ കൂലി വർധനവ്; വ്യാപാര സ്ഥാപനം അടച്ചുപൂട്ടിയതായി ബോർഡുയർന്നു
1516646
Saturday, February 22, 2025 4:43 AM IST
വണ്ടൂർ: വണ്ടൂരിലെ ചുമട്ടുതൊഴിലാളികളുടെ നിരന്തര കൂലി വർധനവും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് കാണിച്ച് ഫ്ളക്സ് ബോർഡ് സ്ഥാപിച്ച് ചങ്ങലയിട്ടു പൂട്ടി കച്ചവടം അവസാനിപ്പിച്ചു. വണ്ടൂരിൽ പാണ്ടിക്കാട് റോഡിലുള്ള സ്ഥാപനമാണ് ചുമട്ടുതൊഴിലാളികളുടെ ഭീഷണി കാരണം പ്രവർത്തനം അവസാനിപ്പിച്ചത്.
കഴിഞ്ഞ നാല് ദിവസമായി സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. മലപ്പുറം ജില്ലയിൽ പലയിടത്തും തങ്ങൾക്ക് സ്ഥാപനങ്ങൾ ഉണ്ടെന്നും ഏറ്റവും കൂടുതൽ ചുമട്ടുകൂലി നൽകുന്നത് വണ്ടൂരിൽ ആണെന്നും ഇവിടെ തൊഴിലാളികൾ അമിതമായി കൂലി വർധിപ്പിച്ചതിനാൽ ഈ നിലയിൽ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും മാനേജർ ഫർസീൻ പറഞ്ഞു.
നിലവിൽ സ്ഥാപനത്തിൽ വിൽപ്പന നടക്കുന്നത് ചുമട്ടുതൊഴിലാളികളുടെ കൂലിയടക്കം കൂട്ടിയാണ്. സമീപ പ്രദേശങ്ങളിൽ ചുമട്ടുതൊഴിലാളികളുടെ കൂലി കുറവായതിനാൽ ഈ രീതിയിൽ കച്ചവടം കൊണ്ടുപോകാൻ കഴിയില്ലെന്നും ഇവർ പറയുന്നു. അതേസമയം ഇക്കാര്യം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ അവതരിപ്പിച്ചതായും ഇരുകൂട്ടർക്കും സൗകര്യമാകുന്ന ദിവസം വിഷയം ചർച്ച ചെയ്യാമെന്നും അതുവരെ തൊഴിൽ സ്ഥലത്ത് ഒരു വീഴ്ചയും വരുത്താൻ പാടില്ലെന്നും ബോർഡ് ചെയർമാൻ ഇരുകൂട്ടർക്കും നോട്ടീസ് നൽകിയിരുന്നു.
ഇതും പാലിക്കപ്പെട്ടില്ലെന്ന് ഫർസീൻ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അപ്പാടെ തള്ളുകയാണ് സിഐടിയു ഭാരവാഹികൾ. വ്യാപാരി സമിതി അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും കടയുടമ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.