വിവാഹ വാഗ്ദാനം നൽകി പീഡനം; പിൻമാറിയത് പരാതിക്കാരി : യുവാവിനെ കോടതി വെറുതെ വിട്ടു
1516644
Saturday, February 22, 2025 4:43 AM IST
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം വലിയപറന്പ് സ്വദേശി പി. അക്ഷയ് (25)യെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി (രണ്ട്) ജഡ്ജ് എസ്. രശ്മി വെറുതെ വിട്ടത്.
2022 മേയ് മാസത്തിൽ പരിചയപ്പെട്ട 20 കാരിയെ വിവാഹവാഗ്ദാനം നൽകി നവംബർ മാസം മുതൽ 2023 ജനുവരി മാസം അവസാനം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഫെബ്രുവരി രണ്ടിന് നൽകിയ പരാതിയിൽ മലപ്പുറം വനിതാ പോലീസ് സെൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
എന്നാൽ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും യുവാവിൽ സ്വഭാവദൂഷ്യം ആരോപിച്ച് പരാതിക്കാരിയാണ് പിൻമാറിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
തുടക്കം മുതൽ ലൈംഗിക താൽപര്യം മാത്രം ലക്ഷ്യംവച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്നതു മാത്രമാണ് ഈ വകുപ്പിൽ ഉൾപ്പെടുത്താനാകൂവെന്ന സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകരായ സിയാദ് പേങ്ങാടൻ, ശബീബ് റഹ്മാൻ, റിസ റൈഹാന എന്നിവരുടെ വാദം അംഗീകരിച്ച കോടതി യുവാവിനെ നിരുപാധികം വെറുതെ വിടുകയായിരുന്നു.