റോഡ് തകർച്ചയിൽ ദുരിതംപേറി മൂത്തേടം നിവാസികൾ
1515985
Thursday, February 20, 2025 5:05 AM IST
മൂത്തേടം: റോഡ് തകർന്നതോടെ യാത്രാ ദുരിതം പേറി മൂത്തേടം നിവാസികൾ. പാലാങ്കര കാരപ്പുറം റോഡാണ് രണ്ട് വർഷത്തിലധികമായി തകർച്ച നേരിടുന്നത്. പൂക്കോട്ടുംപാടം എടക്കര മലയോര പാതയിൽ പാലാങ്കര ടോൾ ജംഗ്ഷനിൽ നിന്ന് കാരാപ്പുറത്തേക്ക് പോകുന്ന റോഡാണിത്.
ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മൂത്തേടം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലേക്കും നെല്ലിക്കുത്ത്, കാരപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കരുളായി, നിലന്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബന്ധപ്പെടാനുള്ള പ്രധാന പാത കൂടിയാണിത്. പത്ത് വർഷം മുന്പ് പിഎംജിഎസ്വൈ പദ്ധതിയിൽ നവീകരിച്ച പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. എന്നാൽ ജില്ലാപഞ്ചായത്ത് ഈ റോഡിനെ അവഗണിച്ചിരിക്കുകയാണ്.
ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ ചാലു കീറിയതോടെയാണ് റോഡ് പൂർണമായും തകർന്നത്. പൈപ്പുകൾ സ്ഥാപിച്ച് കഴിഞ്ഞിട്ടും റോഡ് ടാറിംഗ് നടത്തി പൂർവ സ്ഥിതിയിലാക്കാൻ ജൽ ജീവൻ മിഷൻ അധികൃതർ തയാറായിട്ടുമില്ല. ഒരു സ്വകാര്യ ബസ് സർവീസ് മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്.
തകർന്ന് കിടക്കുന്ന ഈ പാതയിലൂടെ ബസ് ഓടിക്കുന്നത് നഷ്ടമായതിനാൽ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ് ബസുടമ.